പത്തനംതിട്ട : മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ നിന്ന് ലക്ഷ്മി വിളക്ക് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് വിരുദുനഗർ ജില്ലയിൽ ഇഞ്ചാർ വില്ലേജിൽ ശിവകാമി വെസ്റ്റ്, എ.ജെ. കോളേജിന് എതിർവശം, താമസിക്കുന്ന കാളിദാസന്റെ മകൻ മുത്തുമാരിയപ്പൻ (34) ആണ് അറസ്റ്റിലായത്.
ക്ഷേത്രത്തിൽ വാച്ചറായി ജോലി ചെയ്തിരുന്ന കവിയൂർ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ഒക്ടോബർ 15-ന് രാവിലെ 11.30നും ഉച്ചയ്ക്ക് 12നും ഇടയിലായിരുന്നു മോഷണം. ഏകദേശം മൂന്ന് കിലോഗ്രാം തൂക്കവും 8,000 രൂപയോളം വിലയുമുള്ള ഓട് ലക്ഷ്മി വിളക്കാണ് മോഷണം പോയത്. ഇളം നീല നിറത്തിലുള്ള ഡിസൈനോടു കൂടിയ ഷർട്ടും നീല ലുങ്കിയും ധരിച്ചെത്തിയ ആൾ മഞ്ഞ ബാഗിലാക്കി വിളക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.
ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും വിശദമായ അന്വേഷണം നടത്തിയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. നവംബർ മൂന്നിന് വൈകിട്ട് മൂന്നുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷ്ടിച്ച വിളക്ക് കണ്ടെത്തുന്നതിനും പ്രതി സമാനമായ മറ്റു മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും അന്വേഷണം തുടരുകയാണ്.
മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ ബി.എൻ.എസ്. 305 വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലയാലപ്പുഴ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ എസ്.ഐ. രഞ്ജിത്ത് വി.എൽ., എസ്.സി.പി.ഒ. ബിജു, സി.പി.ഒ. ഗോപകുമാർ, എസ്.സി.പി.ഒ. ഹരിദാസ്, സി.പി.ഒ. ശ്രീജിത്ത്, എസ്.സി.പി.ഒ. അജിത് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ ലക്ഷ്മി വിളക്ക് മോഷണം ; തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ
Advertisement
Advertisement
Advertisement