breaking news New

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മോഷണം വ്യാപകമാകുന്നു

അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ വീടുകൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ കവർച്ച നടന്നത്. ആലഞ്ചേരി സ്വദേശി ജേക്കബ് ചാക്കോ, അഞ്ചൽ സ്വദേശി എബി, മുതലാറ്റ് സ്വദേശി തങ്കച്ചൻ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കൾ കയറിയത്. സ്വർണവും പണവും അടക്കം നിരവധി സാധനങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് വീടുകളിലും സമാനമായ രീതിയിലാണ് കവർച്ച നടത്തിയിരിക്കുന്നത്. മുൻഭാഗത്തെ പ്രധാന കതക് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ വീടുകൾക്കുള്ളിൽ കടന്നത്. അലമാരകളും മേശകളും കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന രേഖകൾ അടക്കമുള്ളവ പുറത്തെടുത്ത് നശിപ്പിച്ച നിലയിലാണ്. മൂന്നിടത്തും ഒരേ സംഘം തന്നെയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആലഞ്ചേരി സ്വദേശിയായ ജേക്കബ് ചാക്കോയുടെ വീട്ടുകാർ വേളാങ്കണ്ണിയിൽ തീർത്ഥയാത്രയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി വീട് തുറക്കാൻ ശ്രമിച്ചപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. കിടപ്പുമുറിയിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാല് ഗ്രാം സ്വർണക്കമ്മലും 5000 രൂപയും തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി സിസിടിവിയുടെ ഹാർഡ് ഡിസ്‌കും ഇവിടെനിന്ന് കവർന്നു.

മറ്റൊരു ഇരയായ തങ്കച്ചന്റെ വീട്ടിലെ മുഴുവൻ അലമാരകളും പെട്ടികളും പൊളിച്ച മോഷ്ടാക്കൾ, കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കറൻസികളും പെർഫ്യൂമുമാണ് കൊണ്ടുപോയത്. മൂന്നാമത്തെ ഇരയായ എബിയുടെ വീട്ടിലും കതക് പൊളിച്ച് ഉള്ളിൽ കടന്നെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.

സംഭവത്തിൽ അഞ്ചൽ, ഏരൂർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യമായ നിരീക്ഷണത്തിനു ശേഷമാണ് വീടുകളിൽ കവർച്ച നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4