breaking news New

അന്തരിച്ച ഹാസ്യനടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി

കലാഭവന്‍ നവാസി (51) ന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. മായാത്ത ചിരി സമ്മാനിച്ച നടന്റെ വേര്‍പാടില്‍ സിനിമ മേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

1974 ഏപ്രില്‍ 27ന് തൃശൂരിലെ വടക്കാഞ്ചേരിയിലാണ് ജനനം. അച്ഛന്‍ അബൂബക്കക്കർ പ്രമുഖ നടനായിരുന്നു. സ്റ്റേജ് ഷോകളിലെ മിമിക്രി കലാകാരനായാണ് നവാസ് കലാജീവിതം ആരംഭിച്ചത്. 1995ല്‍ പുറത്തിറങ്ങിയ മിമിക്‌സ് ആക്ഷന്‍ 500 ആണ് ആദ്യ സിനിമ. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മട്ടുപ്പെട്ടി മച്ചന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങി 45ല്‍ അധികം സിനിമകളില്‍ ആഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം നടന്നുവന്നിരുന്ന പ്രകമ്പനത്തിന് പുറമെ ടിക്കി ടാക്ക എന്ന സിനിമ കൂടി റിലീസ് ചെയ്യാനുണ്ട്. സ്ത്രീകളുടെ ശബ്ദത്തില്‍ പാടാന്‍ കഴിവുള്ള നവാസ് നല്ലൊരു ഗായകന്‍ കൂടിയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവയിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ടൗണ്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു. നടന്മാരായ ദിലീപ്, ദേവന്‍, സിദ്ധിക്, ജയന്‍ ചേര്‍ത്തല, ഷാജോണ്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇര്‍ഷാദ്, പ്രജോദ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്‌മാന്‍, ഹരിശ്രീ അശോകന്‍, ഹരിശ്രീ യൂസഫ്, പ്രമോദ് മാള, ബിനു അടിമാലി, സാജു ശ്രീധര്‍, നടി ശ്വേതാ മേനോന്‍, മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

20 വര്‍ഷം മുമ്പാണ് എറണാകുളത്തെ അമ്മയുടെ നാട്ടിലേക്ക് അദ്ദേഹം താമസംമാറി എത്തുന്നത്. സഹോദരന്‍ നിയാസ് ബക്കറും സിനിമാ നടനാണ്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. 2002ലാണ് ഇരുവരും വിവാഹിതരായത്. നഹ്‌റിന്‍, റിദ്വാന്‍, റിഹാന്‍ എന്നിവരാണ് മക്കള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5