breaking news New

പ്രശസ്ത ദക്ഷിണേന്ത്യൻ സംഗീത സംവിധായകൻ ദേവ (75) അന്തരിച്ചു : ‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നാനൂറിലധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി.

രജനീകാന്ത് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ബാഷ’, ‘അണ്ണാമലൈ’ എന്നിവയ്‌ക്ക് സംഗീതം പകർന്നത് ദേവയായിരുന്നു. തമിഴ് സിനിമാലോകത്ത് ‘തേനിസൈ തെന്ദ്രൽ’ എന്ന വിശേഷണത്തിലൂടെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാ ലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

1950 നവംബർ 20ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, തമിഴ് ചലച്ചിത്ര സംഗീതരംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊരാളായിരുന്നു. 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലുമാണ് തമിഴ് സിനിമയിൽ അദ്ദേഹം സ്വന്തമായ ഇടം ഉറപ്പിച്ചത്. വ്യത്യസ്ത സംഗീതശൈലികളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്.

‘അണ്ണാമലൈ’, ‘ബാഷ’, ‘ആശൈ’, ‘കാതൽ കോട്ടൈ’, ‘നേരുക്കു നേർ’, ‘നിനൈത്തേൻ വന്തായ്’, ‘പ്രിയമുടൻ’, ‘വാലി’, ‘ഖുഷി’, ‘അരുണാചലം’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ സിനിമകൾ.

തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവയെ തേടിയെത്തി. ‘ആശൈ’ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹിറ്റ് ഗാനങ്ങളിലൂടെയും അവിസ്മരണീയമായ ഈണങ്ങളിലൂടെയും ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിൽ തന്റേതായ മുദ്ര പതിപ്പിച്ചാണ് ദേവ വിടവാങ്ങുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4