breaking news New

ഇടുക്കി ജില്ലയിൽ കനത്ത മഴയും വിവിധിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

അപകടസാധ്യത മുന്നിൽക്കണ്ട് മലയോര മേഖലകളിൽ രാത്രിയാത്രകൾ പൂർണ്ണമായും നിരോധിച്ചു.

വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മഴ മുന്നറിയിപ്പുകളും അലർട്ടുകളും പിൻവലിക്കുന്നത് വരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദ്ദേശമുണ്ട്. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മൂന്നാറിൽ വാഹന ഗതാഗതത്തിനും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പഴയ മൂന്നാറിൽ നിന്ന് ടൗണിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ്പ് റോഡ് വഴി പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ഇപ്പോൾ വാഹനങ്ങൾക്ക് ടൗണിലെത്താൻ. മേഖലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അപകടഭീഷണിയിലുള്ള അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണത് ഗതാഗത തടസ്സമുണ്ടാക്കി. അടിമാലി മേഖലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നേര്യമംഗലം-വാളറ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ കടുപ്പിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ അടിച്ചുവീശാൻ സാധ്യതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4