breaking news New

മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി.കെ നഗറിലുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ഇതോടെ അപകടത്തിൽപ്പെട്ട അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. പൊട്ടിക്കൽ ഭാഗത്ത് നടത്തിവന്ന ഊർജ്ജിതമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കാണാതായ ഒരാൾക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. പ്രദേശവാസിയായ ടി.കെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) ഉൾപ്പെടെ ആറുപേരാണ് കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ടത്. ആകെ ഒഴുക്കിൽപ്പെട്ട ആറുപേരിൽ അഞ്ചുപേരും പുറത്തുനിന്നെത്തിയ വിനോദസഞ്ചാരികളായിരുന്നു. മലപ്പുറത്തെ ദുരന്തത്തിന് പുറമെ, കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ വിവിധ മണ്ണിടിച്ചിലുകളിലും അപകടങ്ങളിലുമായി സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ ആകെ എണ്ണം ഒൻപതായി ഉയർന്നു.

കോട്ടയം വാഗമൺ റോഡിൽ വേലത്തുശ്ശേരിയിലുണ്ടായ മണ്ണിടിച്ചിലിൽ ബൈക്കിന് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണ് തമിഴ്നാട് സ്വദേശി സംഗീത മരണപ്പെട്ടു. ഇടുക്കിയിലും സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. അടിമാലിയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനെ തുടർന്ന് അപകട മേഖലയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത പ്രകൃതിക്ഷോഭ പശ്ചാത്തലത്തിൽ ഇടുക്കിയിലെ മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു.

മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പഴയ മൂന്നാറിൽ വാഹന ഗതാഗതത്തിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ്പ് റോഡിൽ പ്രവേശിച്ച്, പോലീസ് സ്റ്റേഷന് സമീപത്തെ പാലം വഴിയാണ് നിലവിൽ വാഹനങ്ങൾ ടൗണിലേക്ക് എത്തിക്കുന്നത്. പ്രദേശവാസികളും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4