breaking news New

കാലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കൊച്ചിയിലെത്തും

തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്നിൽ ആൻമേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടോടെ നെടുമ്പാശ്ശേരിയിൽ എത്തിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 28-നായിരുന്നു മലയാളികളെ നടുക്കിയ ആ ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട അഞ്ജനയുടെയും ആനിന്റെയും അടുത്ത സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിന് പിന്നിൽ. അഞ്ജനയെ കാറിടിച്ചും ആനിനെ ക്രൂരമായി കുത്തിയുമാണ് അനില കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ആനും അഞ്ജനയും അറസ്റ്റിലായ അനിലയും മുൻപ് കാലിഫോർണിയയിലെ മിൽപീറ്റസിലുള്ള അപ്പാർട്മെന്റുകളിൽ അടുത്തടുത്ത് താമസിച്ച് വരികയായിരുന്നു.

അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ ഓണാഘോഷങ്ങളിലടക്കം ഒന്നിച്ചു പങ്കെടുക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

അമേരിക്കയിലെ പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നത്.

വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിക്കും.

ആൻ മേരിയുടെ മൃതദേഹം ഭർത്താവ് ജേക്കബിന്റെ (മിഥുൻ) കുറിച്ചി പള്ളത്തറയിലുള്ള വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. തുടർന്ന് ചൊവ്വാഴ്ച മിഥുന്റെ ഇടവകപ്പള്ളിയായ പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിൽ സംസ്കാരം നടക്കും. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് കൊല്ലപ്പെട്ട ആൻ മേരിയുടെ മക്കൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4