കൊച്ചി :
ഓപ്പറേഷന് തൂഫാന് 2.0-ന്റെ ഭാഗമായി ഒക്ടോബര് 17-ന് പുലര്ച്ചെ നാലുമുതല് രാവിലെ എട്ടുവരെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില് നടത്തിയ സംയുക്ത പരിശോധനയില് 159 നിയമലംഘനങ്ങള് കണ്ടെത്തി. നിയമലംഘനങ്ങള്ക്ക് ചലാന് തയ്യാറാക്കി ആകെ 8,06,500 രൂപ പിഴ ചുമത്തി.
ഡെപ്യൂട്ടി ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ് യതീഷ് ചന്ദ്രയുടെ നിര്ദേശപ്രകാരമായിരുന്നു പരിശോധന. എറണാകുളം എന്ഫോഴ്സ്മെന്റ് ആര്.ടി.ഒ. ബിജു ഐസക്കിന്റെയും ആലുവ ഡിവൈ.എസ്.പി. ബെജു പൗലോസിന്റെയും നേതൃത്വത്തില് പോലീസിലെയും മോട്ടോര് വാഹന വകുപ്പിലെയും നൂറോളം ഉദ്യോഗസ്ഥര് വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
അങ്കമാലി, കറുകുറ്റി, കരയാംപറമ്പ്, പെരുമ്പാവൂര്, ആലുവ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, നേര്യമംഗലം തുടങ്ങിയ പ്രധാന മേഖലകളിലായിരുന്നു പരിശോധന. ഗതാഗതനിയമങ്ങള് കര്ശനമായി നടപ്പാക്കുക, നിയമലംഘനങ്ങള് തടയുക, റോഡ് സുരക്ഷ ഉറപ്പാക്കുക എന്നിവയായിരുന്നു സംയുക്ത പരിശോധനയുടെ ലക്ഷ്യങ്ങള്.
ഡ്രൈവിങ് ലൈസന്സില്ലാതെ വാഹനമോടിക്കല്, നികുതി അടയ്ക്കാത്ത വാഹനങ്ങള് നിരത്തിലിറക്കല്, ആവശ്യമായ പെര്മിറ്റില്ലാതെ വാഹനങ്ങള് ഉപയോഗിക്കല്, ഇന്ഷുറന്സ് പരിരക്ഷയില്ലാതെ വാഹനമോടിക്കല് തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള് പരിശോധനയില് കണ്ടെത്തി. വാഹനങ്ങളുടെ രേഖകളും രജിസ്ട്രേഷന് നമ്പര് പ്ലേറ്റുകളും പരിശോധിച്ചാണ് നടപടികള് സ്വീകരിച്ചത്.
അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്, നിയമവിരുദ്ധമായ കളര് ലൈറ്റുകള് ഘടിപ്പിച്ച വാഹനങ്ങള്, നമ്പര് പ്ലേറ്റ് മറച്ചുവെച്ച വാഹനങ്ങള് എന്നിവയും ഉദ്യോഗസ്ഥരുടെ പരിശോധനയില് കുടുങ്ങി. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് (എച്ച്.എസ്.ആര്.പി.) ഉപയോഗിക്കാത്ത വാഹനങ്ങള്ക്കും നിരോധിത എയര് ഹോണ് ഘടിപ്പിച്ച വാഹനങ്ങള്ക്കുമെതിരെ നടപടിയെടുത്തു. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും നിയമാനുസൃതമായ ഘടനയും പരിശോധിച്ച് നിയമലംഘനങ്ങള് കണ്ടെത്തുകയായിരുന്നു.
പൊതുനിരത്തുകളില് നിയമവിരുദ്ധമായി വാഹനങ്ങള് ഉപയോഗിക്കുന്നത് തടയുന്നതിനും അപകടസാധ്യതകള് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള് നടത്തുന്നത്. ഗതാഗതനിയമങ്ങള് അവഗണിക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്.
കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന എറണാകുളം ആര്.ടി.ഒ. എന്ഫോഴ്സ്മെന്റിന് കീഴിലുള്ള ഓട്ടോമേറ്റഡ് എന്ഫോഴ്സ്മെന്റ് കണ്ട്രോള് റൂമിന്റെ നേതൃത്വത്തിലാണ് പരിശോധനയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള് ഏകോപിപ്പിച്ചത്. വരും ദിവസങ്ങളിലും പരിശോധനകള് ശക്തമാക്കുന്നതിലൂടെ ഗതാഗതനിയമലംഘനങ്ങള് കുറയ്ക്കാനും നിയമങ്ങള് പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില് കൂടുതല് അവബോധം സൃഷ്ടിക്കാനുമാണ് അധികൃതരുടെ ലക്ഷ്യം.
ഗതാഗതനിയമങ്ങള് ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങള്ക്കെതിരെ കര്ശന നടപടിയുമായി മോട്ടോര് വാഹന വകുപ്പും പോലീസും
Advertisement
Advertisement
Advertisement