breaking news New

പത്തനംതിട്ട റാന്നിയിൽ ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ വൻ സ്ഫോടനം ! വാടകവീട്ടിൽ നിരോധിത സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

റാന്നി: വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ വാടകവീട്ടിൽ നിരോധിത സ്ഫോടകവസ്തുക്കൾ അനധികൃതമായി സൂക്ഷിച്ച തമിഴ്‌നാട് സ്വദേശിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വ്യാഴാഴ്ച രാവിലെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തമിഴ്‌നാട് തിരുനെൽവേലി ഉത്തുമലൈ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഡൈ സ്ട്രീറ്റിൽ നവനീതകൃഷ്ണപുരം നമ്പർ 40-ൽ ഷൺമുഖദേവരുടെ മകൻ വെള്ളദുരൈ (39) ആണ് അറസ്റ്റിലായത്.

റാന്നി അങ്ങാടി വില്ലേജിൽ പേട്ടയിൽ ശാലേശ്വരം സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകൾനിലയിലായിരുന്നു പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്. ലൈസൻസോ നിയമപരമായ അനുമതിയോ ഇല്ലാതെ നിരോധിത സ്ഫോടകവസ്തുക്കൾ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മേയ് 3-ന് രാവിലെ 8.30-ഓടെയാണ് സംഭവം. വീട്ടുടമ വീടിന്റെ പരിസരത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾക്ക് തീയിട്ടതിനിടെ സമീപത്ത് സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വീടിന്റെ മതിലുകൾക്കും സമീപത്തെ മറ്റ് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി താമസിച്ചിരുന്ന മുറിയിൽനിന്ന് 13 നിരോധിത സ്ഫോടകവസ്തുക്കൾ പോലീസ് കണ്ടെത്തി. സംഭവത്തിൽ റാന്നി പോലീസ് സ്ഫോടകവസ്തു നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ നടത്തുകയും ചെയ്തു.

എസ്.ഐ. എസ്. സിബി, എ.എസ്.ഐ. സുമാകുമാരി, സി.പി.ഒമാരായ അനീഷ് എം.ജി., ജിബിൻ ദാസ് സി.വി., സുബിൻ ഇ.എൻ. എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ വെള്ളദുരൈയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4