കോട്ടയം : എംജി സർവകലാശാലയിലെ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമവിലക്ക് അടിയന്തരമായി പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആവശ്യപ്പെട്ടു.
സർവകലാശാലകളിൽ ഏകാധിപത്യപരമായ നടപടികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷും സർവകലാശാലയുടെ നടപടിക്കെതിരെ രംഗത്തെത്തി.
അതേസമയം, വിവാദ ഉത്തരവിൽ വിശദീകരണവുമായി എംജി സർവകലാശാല അധികൃതർ രംഗത്തെത്തി. മാധ്യമപ്രവർത്തകർക്ക് സർവകലാശാലയിലേക്ക് പ്രവേശനം പൂർണമായി നിഷേധിച്ചിട്ടില്ലെന്നും വൈസ് ചാൻസലറുടെ മുൻകൂർ അനുമതിയില്ലാതെ വാർത്തകൾ ശേഖരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
അനുമതിയില്ലാതെയുള്ള വാർത്തശേഖരണം അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുന്നുവെന്നാണ് സർവകലാശാലയുടെ വിശദീകരണം. ക്യാമ്പസിനുള്ളിൽ വ്യക്തികൾ നടത്തുന്ന പ്രതികരണങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക നിലപാടായി തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നെത്തുന്ന മറ്റ് സന്ദർശകർക്ക് ബാധകമായ നിയന്ത്രണങ്ങൾക്ക് സമാനമായ സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
വാർത്തശേഖരണത്തിനായി മുൻകൂർ അനുമതി വാങ്ങി മാധ്യമപ്രവർത്തകർക്ക് ക്യാമ്പസിൽ പ്രവേശിക്കാം. ഔദ്യോഗിക പ്രതികരണങ്ങൾ തേടുന്നതിനും വിലക്കില്ല. ഇതിനായി പിആർഒ മുഖേന അനുമതി നേടണമെന്നാണ് നിർദേശം.
ജനാധിപത്യപരമായി അനുവദനീയമായ എല്ലാ സ്വാതന്ത്ര്യങ്ങളെയും സർവകലാശാല ബഹുമാനിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, സർവകലാശാലയുടെ വിശദീകരണം വിവാദത്തിന് എത്രത്തോളം വിരാമമിടുമെന്നതാണ് ഇനി ശ്രദ്ധേയം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
എംജി സർവകലാശാലയിലെ മാധ്യമവിലക്കിൽ പ്രതിഷേധം ശക്തം ; ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി റോജി എം. ജോൺ
Advertisement
Advertisement
Advertisement