കട്ടപ്പന: വേനൽച്ചൂടും ശബരിമല മണ്ഡലകാലവും ഒരുമിച്ചതോടെ ഇടുക്കിയിൽ കരിക്ക് വിപണിയിൽ വൻ ഉണർവ്. ആവശ്യക്കാർ വർധിച്ചതോടെ കരിക്കിന്റെ വിലയും കുതിച്ചുയരുകയാണ്. ഒരു കരിക്കിന് 70 മുതൽ 80 രൂപ വരെയാണ് സാധാരണ വിലയെങ്കിലും ചിലയിടങ്ങളിൽ 100 രൂപ വരെ ഈടാക്കുന്നുണ്ട്.
നാടൻ കരിക്കിന് ആവശ്യത്തിന് ലഭ്യതയില്ലാത്തതാണ് വില വർധനയ്ക്ക് പ്രധാന കാരണം. നാണ്യവിളകളുടെ നാടായ ഇടുക്കിയിലെ മലയോര മേഖലകളിൽ പോലും തെങ്ങുകൃഷി വ്യാപകമല്ല. ഇതോടെ കരിക്കിനായി തമിഴ്നാട്ടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജില്ല. അതിർത്തി ജില്ലയായ തേനിയിൽ നിന്ന് ദിവസവും ലോഡ് കണക്കിന് കരിക്കാണ് ഇടുക്കിയിലെത്തുന്നത്.
സാധാരണ ആറു മാസത്തിലൊരിക്കൽ നടത്തുന്ന വിളവെടുപ്പ് ആവശ്യകത വർധിച്ചതോടെ നാലു മാസത്തിലൊരിക്കലായി ചുരുക്കിയിട്ടുണ്ട്. കരിക്കിന് ലഭിക്കുന്ന ഉയർന്ന വില തമിഴ്നാട്ടിലെ കേരകർഷകർക്കും നേട്ടമാകുകയാണ്. തേങ്ങ വിൽക്കുന്നതിനെക്കാൾ രണ്ടും മൂന്നും ഇരട്ടി വരുമാനം കരിക്കിലൂടെ ലഭിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ തീർത്ഥാടന പാതകളിലും കരിക്ക് വിൽപ്പന സജീവമായി. പമ്പയിലും പരിസരപ്രദേശങ്ങളിലും തീർത്ഥാടകരെ ലക്ഷ്യമിട്ട് ഉന്തുവണ്ടികളിലും താൽക്കാലിക കടകളിലുമായി വിൽപ്പന പൊടിപൊടിക്കുകയാണ്.
വിനോദസഞ്ചാരികളും കരിക്ക് വിപണിയുടെ പ്രധാന ഉപഭോക്താക്കളാണ്. കരിക്കിന് പുറമെ തണ്ണിമത്തൻ, കരിമ്പിൻ ജ്യൂസ് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഒരു ഗ്ലാസ് ജ്യൂസിന് 40 മുതൽ 60 രൂപ വരെയാണ് വില.
അതേസമയം, കരിക്കിനും ജ്യൂസിനും ഏകീകൃത വിലയില്ലാത്തത് ഉപഭോക്താക്കൾക്ക് തലവേദനയാകുന്നു. ഓരോ പ്രദേശത്തും കച്ചവടക്കാർ തോന്നിയ നിരക്കിലാണ് വില ഈടാക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. ആവശ്യകതയ്ക്കൊപ്പം വിലയും ഉയരുന്ന സാഹചര്യത്തിൽ വഴിയോര വിൽപ്പന കേന്ദ്രങ്ങളിൽ ഏകീകൃത വില സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഇടുക്കിയിൽ കരിക്കിന് പൊള്ളുന്ന വില ! ഒരു കരിക്കിന് 100 രൂപ വരെ ; ശബരിമല സീസണിൽ വില്പനയും, വിലയും കുതിക്കുന്നു
Advertisement
Advertisement
Advertisement