തൃശ്ശൂർ :
തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ ക്രൂരമായി മർദിച്ച് കയ്യും കാലും തല്ലിയൊടിച്ച ശേഷം തമിഴ്നാട്ടിലെ ആശുപത്രിക്കു മുന്നിൽ തള്ളി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തൃശൂരിൽ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരമായ ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.
തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശൂരിലെത്തി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിലായിരുന്നു മുറിയെടുത്തിരുന്നത്. ഇവർ തൃശൂരിലുണ്ടെന്ന വിവരം മനസ്സിലാക്കിയ യുവാവിന്റെ ഭാര്യ, മൊബൈൽ ഫോൺ ലൊക്കേഷൻ തപ്പിയെടുത്ത് ഒരു ക്വട്ടേഷൻ സംഘത്തിന് വിവരങ്ങൾ കൈമാറുകയായിരുന്നു.
വിവരം ലഭിച്ച അഞ്ചംഗ ക്വട്ടേഷൻ സംഘം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂരിലെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി. തുടർന്ന് യുവാവിന്റെയും യുവതിയുടെയും കയ്യും കാലും തുണികൊണ്ട് കെട്ടിയിടുകയും, ബഹളം വയ്ക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം ഇവരെ നിർബന്ധപൂർവ്വം കാറിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു.
തിരുപ്പൂരിലേക്കുള്ള യാത്രയിലുടനീളം യുവാവിനെ സംഘം കഠിനമായി മർദിച്ചു. മർദനത്തിൽ യുവാവിന്റെ കയ്യും കാലും പലയിടങ്ങളിലായി ഒടിഞ്ഞു. തുടർന്ന് ഇയാളെ തിരുപ്പൂരിന് സമീപമുള്ള ഒരു ആശുപത്രിക്ക് മുന്നിൽ വഴിയിൽ ഉപേക്ഷിച്ച ശേഷം, സംഘത്തിലെ രണ്ടുപേർ ചേർന്ന് യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റിക്കയറ്റി. ഈ രണ്ടുപേർ ചേർന്നാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
ഗുരുതരമായി പരിക്കേറ്റ യുവതിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച തമിഴ്നാട് പൊലീസ് ഉടനടി കേസ് രജിസ്റ്റർ ചെയ്യുകയും തുടരന്വേഷണത്തിനായി കേസ് തൃശൂർ സിറ്റി പൊലീസിന് കൈമാറുകയും ചെയ്തു. വിഷയം ഗുരുതരമായി കണ്ട തൃശൂർ സിറ്റി പൊലീസ് കേന്ദ്രീകൃത അന്വേഷണം ആരംഭിച്ചു.
പൊലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിൽ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ തിരുപ്പൂരിൽ നിന്നും ഒരാളെ പഴനിയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ പേരും മറ്റ് വിശദാംശങ്ങളും ഉടൻ പുറത്തുവിടുമെന്ന് പൊലീസ് വ്യക്തമാക്കി.
തൃശൂരിൽ ഞെട്ടിക്കുന്ന സംഭവം ; ആൺസുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു !!
Advertisement
Advertisement
Advertisement