തിരുവല്ല : കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷേകേക്കിൽ വച്ച് 2026 ഒക്ടോബർ 30 മുതൽ നവംബർ 07 വരെ നടന്ന ഭിന്നശേഷിക്കാർക്കായുള്ള നാലാമത് ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി പെൺകുട്ടി ഷാരോൺ റേച്ചൽ എബി മൂന്ന് സ്വർണ മെഡലുകൾ നേടി രാജ്യത്തിനു തന്നെ അഭിമാനമായി.
ചെന്നൈയിൽ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി കീ അക്കൗണ്ട്സ് മാനേജർ ആയി ജോലി ചെയ്യുന്ന പത്തനംതിട്ട തിരുവല്ല കിഴക്കൻ മുത്തൂർ റ്റോബീസ് ഭവനിൽ എബി മാത്യു (സാബു) വിന്റെയും ചെന്നൈയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല അമിച്ചകരി മോഴിച്ചേരിൽ കുടുംബാംഗം എം സി മാമ്മന്റെ ഏകമകൾ റേച്ചൽ മാമ്മൻ എബി (റോസിലി) യുടെയും മകളായ എ എഫ് എം (അരിന ഫിഡെ മാസ്റ്റർ) ഷാരോൺ റേച്ചൽ എബി ഇരുപതു വയസിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ റാപ്പിഡ്, ബ്ലിറ്റ്സ്,ക്ളാസിക്കൽ എന്നീ വിഭാഗങ്ങളിലാണ് സ്വർണം കരസ്ഥമാക്കിയത്.
സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതയായി വീൽചെയറിൽ കഴിയുന്ന എഎഫ്എം ഷാരോൺ ഇതിനോടകം നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടനവധി ശ്രദ്ധേയമായ വിജയങ്ങൾ നേടിയിട്ടുണ്ട് .
ചെറുപ്രായത്തിൽ തന്നെ ചെസ്സിനോടുള്ള ഷാരന്റെ അതിയായ താല്പര്യം മനസിലാക്കിയ മാതാപിതാക്കൾ ആണ് ഷാരോണ്‍ പ്രാഥമിക പരിശീലനം നൽകിയത്, ഷോൺ ഏക സഹോദരനാണ്.
ചെസ്സ് കരിയറിലെ പരമോന്നത നേട്ടമായ ഫിഡെ ഗ്രാൻഡ് മാസ്റ്റർ ആകണമെന്ന സ്വപ്നം ആണ് ഷാരോൺ ഇനി നേടണമെന്ന് ആഗ്രഹമുള്ളത്.