breaking news New

പന്ത്രണ്ടുകാരിക്കെതിരായ ലൈംഗികാതിക്രമം ; കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം സ്വദേശിക്ക് 27 വർഷവും 3 മാസവും കഠിനതടവും 1.66 ലക്ഷം രൂപ പിഴയും !!

പത്തനംതിട്ട / കുന്നന്താനം :
പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തായ പ്രതിക്ക് 27 വർഷവും 3 മാസവും കഠിനതടവും 1,66,000 രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി.

കുന്നന്താനം പോസ്റ്റ് ഓഫീസ് പരിധിയിലെ വെള്ളിയാങ്കുന്ന് വീട്ടിൽ രഞ്ജു ടി.ആർ. (35) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി മഞ്ജിത് ടി. ആണ് വിധി പ്രസ്താവിച്ചത്.

കുട്ടി നാലാം ക്ലാസിൽ പഠിച്ചിരുന്ന 2022-ലെ കാലയളവിൽ, വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയങ്ങളിൽ പ്രതി നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂർ പോലീസ് ഈ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി വിചാരണ നടത്തി വിധി പ്രസ്താവിച്ചത്.

കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാജേഷ് കുമാർ ആർ. ആണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രാഥമിക അന്വേഷണ നടപടികളും ഇദ്ദേഹമാണ് നിർവഹിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സർക്കിൾ ഇൻസ്പെക്ടർ ഇ. അജീബ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. സീനിയർ പോലീസ് ഓഫീസർ അപർണ എ.ടി. കോടതി നടപടികളിൽ സഹായിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4