പത്തനംതിട്ട : പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ വെച്ചൂച്ചിറയിൽ നടത്തിയ കരിദിനാചരണ പ്രതിഷേധ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം.
കൊല്ലമുള, പെരുനാട്, ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളിലെ ജനങ്ങളോട് സംസ്ഥാന സർക്കാർ കൊടുംചതി കാണിച്ചിരിക്കുകയാണ്. 2018-ൽ അന്നത്തെ എൽഡിഎഫ് സർക്കാർ ഈ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി കൊണ്ടുള്ള നിർദ്ദേശമാണ് കേന്ദ്രത്തിന് നൽകിയത്. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നതാണ്. ഹരിത എംഎൽഎമാരുടെ നേതാവായ മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിലെ വില്ലേജുകളെ പരിഗണിക്കാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും രാജു എബ്രഹാം പറഞ്ഞു.
പരിസ്ഥിതി മന്ത്രാലയത്തിന് ഇതിനോടകം 75000 അപ്പീലുകളാണ് ജനങ്ങൾ നൽകിയത്. സിപിഐ എം കർഷകസംഘം എന്നിവയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ നടത്തിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട ജനങ്ങൾ പൂർണമായി സഹകരിച്ചു. എന്നാൽ ജനങ്ങളുടെ അപ്പീലുകൾ പരിഗണിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദം സർക്കാരിന്റെ അഭിപ്രായമായിരിക്കും. ഇപ്പോൾ തന്നെ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രമാണ് ഈ ഭൂപ്രദേശങ്ങൾ. പരിസ്ഥിതിലോല മേഖല പ്രഖ്യാപനം ഉണ്ടായാൽ അത് മൂലമുള്ള നിയന്ത്രണങ്ങളാൽ ഈ പ്രദേശങ്ങൾ വന്യമൃഗങ്ങളെ കൊണ്ട് നിറയുകയും ഗത്യന്തരമില്ലാതെ വീടും വസ്തുവും ഉപേക്ഷിച്ച് വെറുംകയ്യോടെ ഇറങ്ങി പോകേണ്ടിവരും എന്നതുകൊണ്ടാണ് ജനങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നത്. ഇപ്പോൾ നിലവിലുള്ള ഏഴാം നോട്ടിഫിക്കേഷൻ പ്രകാരമുള്ള മാപ്പ് പോലും പ്രസിദ്ധീകരിക്കാത്തത് ദുരൂഹമാണെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്തംഗം ടി കെ സജി, സിറിയക് തോമസ്, സജി കൊട്ടാരം, അഡ്വ. അമൽ ഏബ്രഹാം, ജോർജി ജോർജ് എന്നിവർ സംസാരിച്ചു.
പെരുനാട്ടിൽ ജില്ലാ കമ്മിറ്റിയംഗം പി എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. പി കെ അനിൽകുമാർ, റോബിൻ കെ തോമസ്, രാധാ പ്രസന്നൻ, കെ എസ് ഗോപി, രജനി പ്രദീപ് എന്നിവർ സംസാരിച്ചു. ചിറ്റാറിൽ ഏരിയ സെകട്ടറി എം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എ ഷെരീഫ്, അഷ്റഫ് ആനപ്പാറ എന്നിവർ സംസാരിച്ചു.
അരുവാപ്പുലത്ത് കോന്നി ഏരിയ കമ്മിറ്റിയംഗം വർഗീസ് ബേബി ഉദ്ഘാടനം ചെയ്തു. സിപിഐ അരുവാപ്പുലം ലോക്കൽ സെക്രട്ടറി സുനിൽകുമാർ അധ്യക്ഷനായി. സന്തോഷ് കുമാർ, ക്ഷേമ ശേഖർ, രേഷ്മ മറിയം റോയ്, നിഷാദ് ലത്തീഫ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണം ; സർക്കാർ നടപടി വൈകിയാൽ അനിശ്ചിതകാല സമരത്തിലേക്ക് : രാജു എബ്രഹാം
Advertisement
Advertisement
Advertisement