കോട്ടയം : ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവില്‍ എക്സൈസ് ഓഫീസര്‍ വിശാഖ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബാറില്‍ ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങുന്നത് നേരിട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടി. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കെതിരെ വരുംദിവസങ്ങളില്‍ വിജിലന്‍സ് അന്വേഷണവും ഉണ്ടാകും.
അതേസമയം, കോട്ടയം ജില്ലയിലെ ബാറുകളുടെ നിയമലംഘനങ്ങള്‍ക്കും വഴിവിട്ട ഇടപാടുകള്‍ക്കും കൂട്ടുനിന്ന എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അശോക് കുമാറിനെതിരെ കൂടുതല്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്തുവന്നു. ബാറുകള്‍ നിര്‍ദ്ദിഷ്ട സമയത്തിന് മുന്‍പേ തുറക്കാനും രാത്രി വൈകി പ്രവര്‍ത്തിക്കാനും ഉദ്യോഗസ്ഥന്‍ മൗനാനുവാദം നല്‍കിയതിന്റെ ശബ്ദസന്ദേശങ്ങള്‍ എക്സൈസ് വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.
എക്സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവറാവു നേരിട്ട് നടത്തിയ മിന്നല്‍ പരിശോധനയിലും തുടര്‍ അന്വേഷണത്തിലുമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കൃത്യമായി മാസപ്പടി കൈപ്പറ്റിയിരുന്നതായി വ്യക്തമാക്കുന്ന രേഖകളും ഡിജിറ്റല്‍ തെളിവുകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. വകുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ക്രമക്കേടുകള്‍ നടന്നത്.
നിയമവിരുദ്ധമായി സമയപരിധി ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ ബാറുടമകള്‍ക്ക് ഒത്താശ ചെയ്തതിന് പുറമെ, എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരും മറ്റു ഉദ്യോഗസ്ഥരും ബാറുകളില്‍ പരിശോധന നടത്തുന്നത് അശോക് കുമാര്‍ കര്‍ശനമായി വിലക്കിയിരുന്നു. തന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു ബാറിലും കയറി റെയ്‌ഡോ പരിശോധനയോ നടത്തരുതെന്ന വിചിത്രമായ നിര്‍ദ്ദേശമാണ് ഇയാള്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നത്.
യൂണിഫോം ധരിക്കാതെ സിവില്‍ വസ്ത്രത്തിലെത്തി ബാറുകളില്‍ നിന്ന് നേരിട്ടും ഏജന്റുമാര്‍ മുഖേനയും മാസപ്പടി വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്റെയും ഇയാളുടെ അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ബാറുടമകള്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി നിക്ഷേപിച്ചതിന്റെ ബാങ്ക് രേഖകളും വിജിലന്‍സ് ശേഖരിച്ചു.
ചങ്ങനാശ്ശേരിയിലെ ഒരു പ്രമുഖ ബാറുടമയെ ഇടനിലക്കാരനാക്കിയായിരുന്നു ഈ പണപ്പിരിവ്. മറ്റു ബാറുടമകളില്‍ നിന്ന് വലിയ തുക മാസപ്പടിയായി പിരിച്ചെടുത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത് ഈ ബാറുടമയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പണം കൈമാറിയ തീയതികളും തുകയും രേഖപ്പെടുത്തിയ ഡയറിയും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചുമുള്ള കണ്ടെത്തലുകള്‍ എക്സൈസ് കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അശോക് കുമാറിനെ സര്‍വീസില്‍ നിന്ന് ഉടനടി സസ്പെന്‍ഡ് ചെയ്തത്. ജില്ലയിലെ ഒരു റേഞ്ച് ഇന്‍സ്‌പെക്ടറുടെ ഫോണും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
കോട്ടയത്തെ ബാറുകളില്‍ പരിശോധന നടത്താന്‍ കീഴുദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ജില്ലയിലെ പല ബാറുകളും എക്സൈസ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ബാറുകള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടാകും.
അശോക് കുമാര്‍ മുന്‍പ് ജോലി ചെയ്തിരുന്ന മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ ബാർ ഉടമകളില്‍ നിന്ന് ഭീഷണിപ്പെടുത്തിയും ഒത്താശ ചെയ്തും പണം പിരിച്ചിട്ടുണ്ടോ എന്ന കാര്യവും എക്സൈസ് വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
ഇയാളുടെ പൂര്‍വ്വകാല സര്‍വീസ് റെക്കോര്‍ഡുകളും സാമ്പത്തിക ഇടപാടുകളും സമഗ്രമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബാറില്‍ നിന്നും കോഴ വാങ്ങിയ സംഭവത്തില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ...
Advertisement
Advertisement
Advertisement