കായംകുളം: ഹോം നഴ്സിങ് സ്ഥാപനത്തിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളിൽനിന്ന് അധ്വാനവും ശമ്പളവും തട്ടിയെടുത്തെന്ന കേസിൽ 22കാരി അറസ്റ്റിൽ. കീരിക്കാട് തെക്ക് ആലുംമൂട്ടിൽ പുതുവൽ വീട്ടിൽ അമൃതയെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
'കൃഷ്ണ ഹോം നഴ്സിങ്' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് കണ്ടെത്തൽ. ആവശ്യമായ ഔദ്യോഗിക അനുമതികളോ ലൈസൻസോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളെയായിരുന്നു പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഹോം നഴ്സായി ജോലി ചെയ്താൽ പ്രതിമാസം 15,000 മുതൽ 30,000 രൂപ വരെ ശമ്പളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ ജോലിക്കായി നിയോഗിച്ചത്.
വിവിധ വീടുകളിൽ ഹോം നഴ്സുമാരെ ജോലിക്കയച്ച ശേഷം അവരുടെ ശമ്പളത്തുക വീട്ടുടമകളിൽനിന്ന് അമൃത നേരിട്ട് കൈപ്പറ്റുകയായിരുന്നു പതിവ്. എന്നാൽ രാവും പകലും അധ്വാനിച്ച് ജോലി ചെയ്ത സ്ത്രീകൾക്ക് അർഹമായ ശമ്പളം നൽകിയിരുന്നില്ല. പണം ചോദിച്ചാൽ ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയും പിന്നീട് പൂർണമായും ഒഴിവാക്കുകയുമായിരുന്നു രീതിയെന്ന് പരാതിക്കാർ ആരോപിച്ചു.
ഒരേ രീതിയിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടതോടെ സ്ത്രീകൾ കായംകുളം പൊലീസിൽ പരാതി നൽകി. തുടർച്ചയായി സമാന പരാതികൾ ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.
കായംകുളം പൊലീസ് സ്റ്റേഷൻ എസ്.ഐ. സജിത് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ അമൃതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സ്ഥാപനത്തിന്റെ മറവിൽ കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഹോം നഴ്സിങ് സ്ഥാപനത്തിന്റെ മറവിൽ ശമ്പളത്തട്ടിപ്പ് ; 15,000 മുതൽ 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ കബളിപ്പിച്ചു : 22കാരി അറസ്റ്റിൽ
Advertisement
Advertisement
Advertisement