breaking news New

മണ്ഡലകാല തീർഥാടനത്തിന് ശബരിമല ഒരുങ്ങി ; നാളെ വൈകിട്ട് അഞ്ചിന് നട തുറക്കും : തീർഥാടകർക്ക് പമ്പയിലേക്ക് പ്രവേശനം ഉച്ചയ്ക്ക് 12ന് ശേഷം മാത്രം

പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് അഞ്ചിന് തുറക്കും.

തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുക. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കും.

ഇതിനുശേഷം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി സോപാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.30ഓടെ സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അവരോധ ചടങ്ങുകൾ നടക്കും.

നവംബർ 17ന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നടകൾ തുറക്കുക. ഇതോടെ ഈ വർഷത്തെ മണ്ഡലകാല തീർഥാടനത്തിന് ഔദ്യോഗിക തുടക്കമാകും.

അതേസമയം, തീർഥാടകരുടെ യാത്രയ്ക്ക് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂവെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12ന് മുമ്പ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്ന ബസ് സർവീസുകൾ അനുവദിക്കരുതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്.

മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകർക്ക് സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പുതിയ തീർഥാടനകാലത്തെ വരവേൽക്കാൻ ശബരിമല ഒരുങ്ങിക്കഴിഞ്ഞു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4