പത്തനംതിട്ട : 2026-27 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് എത്തുന്ന തീർത്ഥാടകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പത്തനംതിട്ട മുതൽ നിലയ്ക്കൽ, പമ്പ വരെയുള്ള പ്രധാന റോഡുകളിലും അനുബന്ധ മേഖലകളിലും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെയും ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ ഐഎഎസിന്റെയും നേതൃത്വത്തിൽ വിപുലമായ സുരക്ഷാ പരിശോധന നടത്തി.
തീർത്ഥാടനകാലത്ത് ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനും വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തിയത്.
പത്തനംതിട്ട–നിലയ്ക്കൽ–പമ്പ പാതയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും അപകടസാധ്യതയുള്ള മേഖലകളിലും ജില്ലാ പോലീസ് മേധാവിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റോഡുകളുടെ ഇരുവശങ്ങളിലുമുള്ള ക്രാഷ് ബാരിയറുകളുടെ അവസ്ഥ, സൂചനാ ബോർഡുകളുടെ ക്രമീകരണം, കുളിക്കടവുകളിലെ സുരക്ഷാ സൗകര്യങ്ങൾ, അപകടസാധ്യതയുള്ള വളവുകളിലെയും മറ്റ് സ്ഥലങ്ങളിലെയും സുരക്ഷാ മുൻകരുതലുകൾ എന്നിവ വിശദമായി പരിശോധിച്ചു.
സുരക്ഷാ ക്രമീകരണങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഇരുവരും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകളിൽ വാഹനങ്ങളുടെ സുഗമമായ സഞ്ചാരവും തീർത്ഥാടകരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക, മുന്നറിയിപ്പ് ബോർഡുകൾ കാര്യക്ഷമമാക്കുക, റോഡുകളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധനയിൽ പ്രധാനമായും വിലയിരുത്തി.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഡിവൈഎസ്പി നിഷാദ് മോൻ, റാന്നി ഡിവൈഎസ്പി സന്തോഷ് കുമാർ എന്നിവരടങ്ങുന്ന വിപുലമായ പോലീസ് സംഘവും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
റവന്യൂ, പോലീസ് വകുപ്പുകൾക്കു പുറമെ ഫയർ ആൻഡ് റെസ്ക്യൂ, വനം വകുപ്പ്, കെഎസ്ഇബി, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് (PWD) തുടങ്ങി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയുടെ ഭാഗമായി.
തീർത്ഥാടനകാലത്ത് എത്തുന്ന ഓരോ തീർത്ഥാടകന്റെയും സുരക്ഷയ്ക്കാണ് പോലീസ് പ്രഥമ പരിഗണന നൽകുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് പറഞ്ഞു.
തീർത്ഥാടകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാന പാതകളിലും അപകടസാധ്യതയുള്ള മേഖലകളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കും. വിവിധ വകുപ്പുകളുമായി നിരന്തര ഏകോപനം നടത്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കും. അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും പോലീസ് സജ്ജമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടവും പോലീസും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.