breaking news New

ശബരിമല മണ്ഡലകാലം : മുന്നൊരുക്കങ്ങൾ വിലയിരുത്തി ദേവസ്വം ബോർഡ് യോഗം ; തിരക്ക് നിയന്ത്രണവും അരവണ ലഭ്യതയും പ്രധാന ചർച്ച

അരവണ ഉൽപാദനം, സന്നിധാനത്തെ തിരക്ക് നിയന്ത്രണം, കടകളുടെ ലേലം, നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ യോഗം ചർച്ച ചെയ്തു. നവംബർ 16ന് നട തുറക്കുന്നതിന് മുൻപ് ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സഹായത്തോടെ AI ക്യാമറ സംവിധാനം സന്നിധാനത്ത് ഒരുക്കും. ഇതിന്റെ പ്രധാന ഹബ് നിലയ്ക്കലിലായിരിക്കും. ഇവിടെ 6000 പേർക്ക് ഇരിക്കാവുന്ന സൗകര്യവും കൺട്രോൾ റൂമും ഒരുക്കും. തീർഥാടകരുടെ വരവും വാഹന പാർക്കിങ്ങും കൺട്രോൾ റൂം വഴി ഏകോപിപ്പിക്കും.

ശബരിമലയിൽ നിലവിൽ 6 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഒക്ടോബർ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കും. നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ പുറത്തുനിന്നുള്ള വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അരവണ ഉൽപാദനത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിലവിലെ പ്രതിദിന ഉൽപാദനം 2.60 ലക്ഷത്തിൽ നിന്ന് 3.60 ലക്ഷം ടിന്നായി ഉയർത്തും. ഒക്ടോബർ 31ന് പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കും. മണ്ഡലകാലത്തും തുലാമാസ പൂജകളിലും അരവണ ക്ഷാമമുണ്ടാകില്ലെന്നും ആവശ്യത്തിന് ശർക്കര സംഭരിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

അതേസമയം, ശബരിമല സന്നിധാനത്തെ സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്നും സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും തിരുവാഭരണ കമ്മിഷൻ ദേവസ്വം ബോർഡിനെ അറിയിച്ചു. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള വൈദ്യനാഥ സ്വാമി സമർപ്പിച്ച കിരീടമാണിതെന്നും സമർപ്പിച്ച ഭക്തൻ തന്നെ കിരീടത്തിന് ഇൻഷുറൻസ് എടുത്തിരുന്നുവെന്നും കെ. ജയകുമാർ പറഞ്ഞു. സ്വർണക്കിരീടം കാണാതായെന്ന വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4