breaking news New

പമ്പാനദിയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ പിഴ ! തീർഥാടകർക്ക് കർശന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം.

നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്ന് ശബരിമല എഡിഎം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് പമ്പാനദിയിലെ മാലിന്യപ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ തീർഥാടന കാലയളവിൽ ടൺ കണക്കിന് വസ്ത്രമാലിന്യങ്ങളാണ് നദിയിൽനിന്ന് നീക്കം ചെയ്തത്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ നദി വീണ്ടും മലിനമാകുന്ന അവസ്ഥയായിരുന്നു.

പമ്പാനദിയുടെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും തീർഥാടകരെ ബോധവൽക്കരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയ്ക്ക് കുറവുണ്ടായില്ല. ഇതോടെയാണ് പിഴ ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നത്.

പമ്പയിലെ വസ്ത്രമാലിന്യങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. നദിയുടെ സ്വാഭാവിക ഒഴുക്കിനെയും പരിസ്ഥിതിയെയും ബാധിക്കുന്ന തരത്തിൽ മാലിന്യങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കണമെന്ന നിർദേശവും ഇതിന് പിന്നിലുണ്ട്.

പുണ്യനദിയുടെ ശുചിത്വം സംരക്ഷിക്കുന്നതിനും തീർഥാടനകാലത്തെ മാലിന്യപ്രശ്നം നിയന്ത്രിക്കുന്നതിനുമാണ് പുതിയ ഉത്തരവ്. തീർഥാടകർ നിർദേശങ്ങൾ പാലിക്കണമെന്നും വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കാതെ നിശ്ചിത ശേഖരണ കേന്ദ്രങ്ങളിൽ നിക്ഷേപിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4