കണ്ണൂർ: ജില്ലയിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടാന്നൂർ സ്വദേശി വി. ബിനുവിന് (56) 2,79,000 രൂപയാണ് നഷ്ടമായത്. ഒരു മിനിറ്റിനുള്ളിൽ നടന്ന രണ്ട് ഇടപാടുകളിലൂടെയാണ് അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 8.15ഓടെ വീട്ടിൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചശേഷം കുളിക്കാൻ പോയ ബിനു തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. അക്കൗണ്ടിൽനിന്ന് 1.80 ലക്ഷം രൂപ പിൻവലിച്ചതായുള്ള സന്ദേശമാണ് ആദ്യം ഫോണിൽ ലഭിച്ചത്.
തുടർന്ന് കാനറാ ബാങ്കിന്റെ 'എ.ഐ വൺ' ആപ്പ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. രാത്രി 8.36ന് 99,000 രൂപയും തൊട്ടടുത്ത മിനിറ്റിൽ 8.37ന് 1.80 ലക്ഷം രൂപയും അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. ആകെ 2.79 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
അക്കൗണ്ടിലെ ഓൺലൈൻ ഇടപാടുകൾക്ക് നിശ്ചയിച്ചിരുന്ന പരിധി മറികടന്ന് ഇത്രയും തുക നഷ്ടമായതിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന സംശയവും ബിനു ഉന്നയിക്കുന്നുണ്ട്. ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടിൽനിന്ന് ഓൺലൈനായി കൈമാറാൻ കഴിയുകയെന്നാണ് അദ്ദേഹത്തിന്റെ വാദം.
സംഭവദിവസം രാവിലെ വ്യക്തിപരമായ ആവശ്യത്തിനായി 30,000 രൂപയിലധികം ഓൺലൈനായി കൈമാറിയിരുന്നു. ഇതോടെ ശേഷിക്കുന്ന ഇടപാടുപരിധിയിൽ 70,000 രൂപയിൽ താഴെ മാത്രമേ കൈമാറ്റം ചെയ്യാനാകൂ എന്നിരിക്കെയാണ് ലക്ഷങ്ങൾ നഷ്ടമായതെന്ന് ബിനു ആരോപിക്കുന്നു.
സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാനറാ ബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഒരു മിനിറ്റിനുള്ളിൽ അക്കൗണ്ടിൽ നിന്ന് 2.79 ലക്ഷം രൂപ അപ്രത്യക്ഷം ! കണ്ണൂരിൽ വീണ്ടും വൻ സൈബർ തട്ടിപ്പ് ; ബാങ്കിന്റെ ഇടപാടുപരിധിയും മറികടന്നെന്ന് പരാതി
Advertisement
Advertisement
Advertisement