കൊച്ചി : പുലര്‍ച്ചെ 5.50-ന് സെര്‍ച്ച് വാറണ്ടുമായി എത്തിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) ന്യൂസ് ഡെസ്‌കില്‍ എഡിറ്റോറിയല്‍ ടീം ഒന്നടങ്കം തടഞ്ഞു. പോലീസ് നടപടികള്‍ സുതാര്യമാണെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ക്യാമറയില്‍ പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍, പോലീസ് സാന്നിധ്യം ന്യൂസ് ഡെസ്‌കില്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.
ഓഫീസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ പരിശോധന നടത്താന്‍ അനുമതി ലഭിച്ച അന്വേഷണ സംഘം ന്യൂസ് ഡെസ്‌കിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പ്രധാന ആരോപണം. വാര്‍ത്താമുറിയില്‍ പോലീസ് കയറി പരിശോധന നടത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസിനെ തടഞ്ഞുനിര്‍ത്തി.
പോലീസിന്റെ സമയം തെറ്റിയുള്ള നീക്കങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വലിയ വാഗ്വാദമാണ് വാര്‍ത്താമുറിയില്‍ അരങ്ങേറിയത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് തന്നെ ന്യൂസ് ഡെസ്‌കിലേക്ക് ഇരച്ചുകയറിയ പോലീസിനോട് ' സാധാരണ ഓഫീസ് സമയം ആരംഭിക്കുന്നതിന് മുന്‍പെത്തി വാര്‍ത്താ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ചാനല്‍ സംഘം ആരോപിച്ചു.
പരിശോധനയുടെ ഭാഗമായി ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെയും സാങ്കേതിക ജീവനക്കാരുടെയും വ്യക്തിപരമായ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. വാര്‍ത്താശേഖരണത്തിനും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഫോണുകള്‍ ബലമായി കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ജീവനക്കാര്‍ ന്യൂസ് ഡെസ്‌കില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.
തങ്ങളുടെ നടപടികള്‍ സുതാര്യമാണെന്ന് വരുത്താന്‍ പോലീസ് സംഘം പരിശോധനയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ വാര്‍ത്താമുറിക്കുള്ളില്‍ വെച്ച് ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ ഉടനടി ഡിലീറ്റ് ചെയ്യണമെന്ന് അരുണ്‍കുമാര്‍ പോലീസിനോട് കര്‍ശനമായി ആവശ്യപ്പെട്ടു. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി എടുത്ത ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ തറപ്പിച്ചു പറഞ്ഞതോടെ ന്യൂസ് ഡെസ്‌കില്‍ നാടകീയത ഉച്ചസ്ഥായിയിലായി.
വാര്‍ത്താമുറിയില്‍ പോലീസും എഡിറ്റോറിയല്‍ ടീമും തമ്മില്‍ രൂക്ഷമായ തര്‍ക്കവും തടസ്സങ്ങളും തുടരുമ്പോഴും ചാനലിന്റെ തത്സമയ സംപ്രേക്ഷണം മുടക്കമില്ലാതെ മുന്നോട്ടുപോയി. എഡിറ്റോറിയല്‍ ടീം പ്രതിരോധം തീര്‍ത്തതോടെ പോലീസ് സംഘത്തിന് തങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പരിശോധന മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല. ഇതോടെ ചാനല്‍ ലൈവ് തടസ്സമില്ലാതെ തുടരുകയും തടസ്സം പോലീസിന്റെ റെയ്ഡിന് മാത്രമായി ചുരുങ്ങുകയും ചെയ്തു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ കൊച്ചി ഓഫീസിന് പുറമെ സംസ്ഥാനത്തെ അഞ്ചിടങ്ങളിലാണ് ഇന്ന് അതിരാവിലെ മുതല്‍ എസ്.ഐ.ടിയുടെ മിന്നല്‍ റെയ്ഡ് നടന്നത്. കേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതപ്പെടുന്ന ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ആഡംബര ഫ്‌ലാറ്റിലും വയനാട്ടിലെ വീട്ടിലും ഒരേസമയം പരിശോധനകള്‍ പുരോഗമിക്കുകയാണ്. സാമ്പത്തിക ഇടപാടുകള്‍, കരാര്‍ രേഖകള്‍, മറ്റ് സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കണ്ടെത്തുന്നതിനാണ് പോലീസ് ഈ മിന്നല്‍ റെയ്ഡ് ആസൂത്രണം ചെയ്തത്. പ്രതികള്‍ വിവരങ്ങള്‍ ചോര്‍ത്താനോ തെളിവുകള്‍ നശിപ്പിക്കാനോ ഉള്ള പഴുതുകള്‍ പൂര്‍ണ്ണമായും അടച്ചുകൊണ്ടായിരുന്നു എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ഈ അതിവേഗ നീക്കം.
സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച 'മെസി തട്ടിപ്പ്' കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി കൊച്ചി ഓഫീസില്‍ നടന്നത് അത്യന്തം നാടകീയമായ രംഗങ്ങള്‍
Advertisement
Advertisement
Advertisement