പ്രശസ്ത ഫോട്ടോഗ്രാഫറും മലയാള സിനിമാരംഗത്തെ നിറസാന്നിധ്യവുമായിരുന്ന കൊല്ലം മോഹനൻ അന്തരിച്ചു.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ മാർത്താണ്ഡത്ത് വെച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീണാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കുരീപ്പുഴ മണൽ ശിവക്ഷേത്രത്തിന് സമീപമാണ് അദ്ദേഹത്തിന്റെ വീട്.
കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച അദ്ദേഹം സിനിമാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, മുഖാമുഖം, അനന്തരം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു.
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിൽ ചെറിയ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുമായും സംവിധായകരുമായും അരനൂറ്റാണ്ടിലേറെ നീണ്ട അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
മോഹൻലാലുമായുള്ള അനുഭവങ്ങളും സൗഹൃദവും അടയാളപ്പെടുത്തി 'സൂംലെൻസിലൂടെ മോഹൻലാൽ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. സിനിമയുടെയും ഫോട്ടോഗ്രഫിയുടെയും ലോകത്ത് തന്റേതായ അടയാളങ്ങൾ അവശേഷിപ്പിച്ച കൊല്ലം മോഹനന്റെ വിയോഗം കലാരംഗത്തിന് വലിയ നഷ്ടമാണ്.
ആദരാഞ്ജലികൾ ...
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹനൻ അന്തരിച്ചു ; മരണം ട്രെയിനിൽനിന്ന് വീണ് !!
Advertisement
Advertisement
Advertisement