റാന്നി : ശബരിമല തീർത്ഥാടന കാലയളവിൽ മോഷണം നടത്തുന്നതിനായി എത്തിയതാണെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളെ റാന്നി പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിൽ കയറിയ രണ്ടു യുവതികൾ ബസ്സിൽവെച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്റോ പി.ടിയെ വിവരം അറിയിച്ചു. യുവതികളുടെ പെരുമാറ്റത്തിൽ സംശയവും ജീവനക്കാർ പ്രകടിപ്പിച്ചു.
തുടർന്ന് ഷിന്റോ പി.ടി റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിനെ ഫോണിൽ വിവരം ധരിപ്പിച്ചു. ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം എസ്.ഐ സിബി എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുന്നിൽവെച്ച് ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുത്തു.
പോലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തിയത്.
തുടർന്ന് പോലീസിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ ഫോട്ടോകൾ പരിശോധിച്ച് തിരിച്ചറിയൽ ഉറപ്പുവരുത്തി. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള ഈ പരിശോധനയിലാണ് ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായത്.
തമിഴ്‌നാട് കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി (ഭവാനി, അനു എന്നീ പേരുകളിലും അറിയപ്പെടുന്നു), തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത (ലക്ഷ്മി, പാർവതി എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നിവരാണ് പിടിയിലായത്.
ശബരിമല തീർത്ഥാടന സീസണുമായി ബന്ധപ്പെട്ട് എരുമേലിയിലും മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലും മോഷണം നടത്തുന്നതിനായി എത്തിയതാണോ ഇവരെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ, എസ്.ഐ സിബി. എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ പി.ടി, ശിൽപ, സിവിൽ പോലീസ് ഓഫീസർ അൻസൽ ജബ്ബാർ എന്നിവരുടെ സമയോചിതമായ ഇടപെടലും ഏകോപിതമായ പ്രവർത്തനവുമാണ് പ്രതികളെ പിടികൂടുന്നതിനും ഒളിപ്പിച്ച പണം കണ്ടെത്തുന്നതിനും സഹായകമായത്.
ബസ് ജീവനക്കാരുടെ ജാഗ്രതയും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഇടപെടലും പോലീസ് നടപടികൾ വേഗത്തിലാക്കുന്നതിൽ നിർണായകമായി.
ഇവരെ നിലവിൽ റാന്നി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കുന്നു.
ഇവർ ഉൾപ്പെട്ടിട്ടുള്ള മറ്റു കേസുകൾ, വിവരങ്ങൾ എന്നിവ അന്വേഷിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് അപേക്ഷ സഹിതം കോടതിയിൽ ഹാജരാക്കും.
ബസ്സിൽ വേഷം മാറിയെത്തിയ തമിഴ്‌നാട് സ്വദേശിനികളായ മോഷണക്കേസ് പ്രതികളെ പിടികൂടി പത്തനംതിട്ട റാന്നി പോലീസ് ; വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തി !
Advertisement
Advertisement
Advertisement