ചങ്ങനാശ്ശേരി: നഗരത്തിലും പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ട ഗുണ്ടാസംഘത്തിലെ മൂന്ന് പേരെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സാജു ജോജോ, മിഥുൻ തോമസ്, അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ജുബിൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ചങ്ങനാശ്ശേരിയിലെ ബ്രിസ് ലാൻഡ് ബാറിൽ അക്രമം നടത്തിയ സംഘം പിന്നീട് മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കടയിലെ ഫോണുകളും മറ്റ് സാധനസാമഗ്രികളും അടിച്ചുതകർത്തു. പ്രതികളെ പിടികൂടാൻ ശ്രമിച്ച എസ്.ഐ. അജിത് കുമാർ, സി.പി.ഒ. റിജോമോൻ എന്നിവരെയും സംഘം ആക്രമിച്ചു. തുടർന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതികളെ കീഴടക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
എന്നാൽ പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടും പ്രതികളുടെ അക്രമം അവസാനിച്ചില്ല. ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. റെയ്നോൾഡ്, സി.പി.ഒ. ദിലീപ് ചെല്ലം എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ഒരു മാസം മുമ്പും ഇതേ സംഘം മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലെത്തി വടിവാൾ വീശി ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആയുധ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി 30-ലധികം ക്രിമിനൽ കേസുകളിൽ പ്രതികളാണ് സാജു ജോജോയും മിഥുൻ തോമസും. കാപ്പ നിയമപ്രകാരം പലതവണ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇവർക്ക് ഊരുവിലക്കും നേരിട്ടിട്ടുണ്ട്.
ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. അഷാദിന്റെ നേതൃത്വത്തിൽ സി.ഐ. അനിൽ ജോർജ്, എസ്.ഐ. അഖിൽ വിജയകുമാർ, എ.എസ്.ഐ. ആശ, എ.എസ്.ഐ. സെയ്നി സെബാസ്റ്റ്യൻ, എ.സി.പി.ഒ. അനീഷ്, സി.പി.ഒമാരായ സതീഷ്, പ്രവീൺ, ജോസഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം ചങ്ങനാശ്ശേരിയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം ; ബാറിലും മൊബൈൽ ഷോപ്പിലും പോലീസ് സ്റ്റേഷനിലും അക്രമം : മൂന്ന് പേർ അറസ്റ്റിൽ
Advertisement
Advertisement
Advertisement