breaking news New

ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് ആർ. ശ്രീലേഖ ; ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം : ശാസ്തമംഗലം വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശ്രീലേഖ തന്നെ നിര്‍ണ്ണായകമായ രാജിക്കാര്യം പരസ്യമാക്കി.

കഴിഞ്ഞ സെപ്റ്റംബര്‍ 30-നാണ് താന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി കാണിച്ച് മേയര്‍ വി.വി. രാജേഷിന് രാജിക്കത്ത് നല്‍ കിയതെന്നു ഗ്രൂപ്പില്‍ അയച്ച കുറിപ്പില്‍ വ്യക്തമാക്കി.

'പ്രിയപ്പെട്ടവരെ, ഞാന്‍ 30.09.2026-ല്‍ മേയര്‍ ശ്രീ വി.വി. രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ കോപ്പി തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് നല്‍കും. നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു' എന്നായിരുന്നു ശ്രീലേഖയുടെതായി വന്ന കുറിപ്പ്.

നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 പേരുടെ പിന്തുണയാണുള്ളത്. ഇതില്‍ ശ്രീലേഖ രാജിവച്ചാല്‍ 49 ആയി അംഗ ബലം മാറും. രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയുള്ളതിനാല്‍ ഭരണം മുമ്പോട്ട് പോകും. ഒരു കൗണ്‍സിലറായ സുഗതന്‍ കാപ്പാ കേസില്‍ അഴിക്കുള്ളിലാണ്. സുഗതനെ ആയോഗ്യനാക്കാനും സിപിഎമ്മും കോണ്‍ഗ്രസും നിയമ പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ 101 അംഗ കൗണ്‍സിലില്‍ ശ്രീലേഖയുടെ കൗണ്‍സിലര്‍ സ്ഥാനം ബിജെപിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ശ്രീലേഖ രാജിവച്ചാല്‍ അത് ബിജെപിക്ക് ഭാവിയില്‍ വലിയ തലവേദനയായി മാറും.

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചെടുത്ത പ്രമുഖ വ്യക്തിത്വം തന്നെ കൗണ്‍സിലര്‍ സ്ഥാനം ഉപേക്ഷിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും.

നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ ഭൂരിപക്ഷവും അംഗബലവും അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് നല്‍ക്കുന്നത്. ശ്രീലേഖയുടെ രാജിയോടെ ഒരു കൗണ്‍സിലറുടെ കുറവ് ബി.ജെ.പിയുടെ ഭരണസഭയിലെ സ്വാധീനത്തെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും പ്രതികൂലമായി ബാധിക്കും. അംഗബലത്തില്‍ നേരിയ വ്യത്യാസം വന്നാല്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണസഭയ്ക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

ഇതോടെ ശ്രീലേഖ രാജിവച്ചാല്‍ ഇനിവരുന്ന ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമായി മാറും. ശാസ്തമംഗലം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കോര്‍പ്പറേഷനിലെ ഭരണം തന്നെ പ്രതിസന്ധിയിലാകുന്ന തരത്തിലേക്ക് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയും. അതുകൊണ്ടുതന്നെ ശ്രീലേഖയെ കൊണ്ട് രാജി പിന്‍വലിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്ന് കൗണ്‍സിലറായതു മുതല്‍ പാര്‍ട്ടിക്കുള്ളിലെ പ്രാദേശിക നേതൃത്വവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നതായി സൂചനകളുണ്ട്. മേയറാക്കുമെന്ന പ്രതീക്ഷയിലാണ് മത്സരിച്ചത്. ഇതു നടന്നില്ല. ഇത് വിവാദമായി മാറിയിരുന്നു. ശ്രീലേഖയുടെ അപ്രതീക്ഷിത നീക്കം ബിജെപി കേന്ദ്രങ്ങളില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4