breaking news New

വെള്ളപ്പൊക്കത്തിന് പിന്നാലെ ‘പെരുമ്പാമ്പ്’ ഭീഷണി ; പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ ആശങ്ക !!

പത്തനംതിട്ട / തെള്ളിയൂര്‍ :
വെള്ളപ്പൊക്കം കഴിഞ്ഞതോടെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുന്നു. ഇത്തവണ പെരുമ്പാമ്പിനെയാണ് കൂടുതലായി കാണുന്നത്. പെരുമ്പാമ്പുകളുടെ കടന്നുകയറ്റം രൂക്ഷമായതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

തെള്ളിയൂര്‍ സഹകരണ ബാങ്കിന് സമീപം പെരുമ്പാമ്പിനെ പിടികൂടി. പ്രദേശവാസികള്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റസ്‌ക്യൂ ടീം എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

മേഖലയില്‍ പെരുമ്പാമ്പിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ഫോറസ്റ്റ് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 15 ദിവസത്തിനിടയില്‍ ഏഴിടത്താണു രാപകല്‍ ഭേദമെന്യേ പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പെട്ടിയിലൂം, എഴുമറ്റൂരിലും , റാന്നിയിലും സമാന അവസ്ഥയാണ്. പെരുമ്പെട്ടി പബ്ലിക് ലൈബ്രറിക്കു സമീപം ഏലായില്‍ പെരുമ്പാമ്പ് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷം ദേവസ്വം പാടത്തിനു സമീപം സ്വകാര്യ ഏലായില്‍ ഉരുക്കള്‍ക്കു തീറ്റ സംഭരിക്കെനെത്തിയ സ്ത്രീക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തൊടിയില്‍ വിള സംരക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന പന്നിമറയുടെ
വാതില്‍ നീക്കുന്നതിനിടയില്‍ ഇതിലെ വലയില്‍ കുരുങ്ങിക്കിടന്ന പാമ്പാണു കടിച്ചത്.

വലിയകാവ് വനത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന പെരുമ്പെട്ടി വലിയതോടിന്റെ ഇരുവശങ്ങളിലുമുള്ള അമ്പലവയല്‍, ഉള്ളന്മല, കീച്ചേരിപ്പടി, ഇല്ലത്തുപാടശേഖരങ്ങളുടെ
ഓരപ്രദേശങ്ങളിലാണു പെരുമ്പാമ്പ് ശല്യം രൂക്ഷം.

കാടുമൂടിയ തൊടികളിലും റബര്‍, ജാതിത്തോട്ടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇരുട്ടു വീണാല്‍ പിന്നെ നാട്ടുകാര്‍ ആശങ്കയോടെയാണ് സഞ്ചരിക്കുന്നത്. വാഹന സഞ്ചാരം കുറയുന്നതോടെ രാത്രി
റോഡുകളിലേക്കും ഇവ ഇഴഞ്ഞെത്തും. ഈ കാലാവസ്ഥയില്‍ പാമ്പുകളെ കൂടുതല്‍ കണ്ടെന്നു വരാം.

ഇപ്പോള്‍ പാമ്പുകളുടെ പ്രജനനകാലമാണ്. ഇന്ത്യന്‍ റോക്ക് പൈത്തണ്‍ എന്ന പെരുമ്പാമ്പാണ് ജില്ലയില്‍ കണ്ടുവരുന്നത്. ഇവ ജനവാസ മേഖലയിലെ കോഴികളേയും വളര്‍ത്തുമൃഗങ്ങളെ യും അവയുടെ കൂട്ടില്‍ നിന്നു പിടിക്കുന്നത് പതിവാണ്. ഇവ മനുഷ്യനെ വിഴുങ്ങാറില്ല. അതിനുള്ള ആകാരവലുപ്പം നാട്ടിലെ
പെരുമ്പാമ്പുകള്‍ക്ക് ഇല്ലെന്നു വിദഗ്ധര്‍ പറയുന്നു. അവ മനുഷ്യനെ സ്വാഭാവിക ഇരകളായി കാണുന്നില്ല. എലി, പക്ഷികള്‍, തവളകള്‍ എന്നിവയാണ് പെരുമ്പാമ്പുകളുടെ ആഹാരം.

അതേസമയം,
വനംവകുപ്പിന്റെ പരിശീലനം ലഭിച്ച ആളുകള്‍ മാത്രമേ പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ പാടുള്ളൂ. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പാമ്പിനെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. പരിശീലനം കിട്ടാത്തവര്‍ പാമ്പു പിടിച്ചാല്‍ കേസാകും. മൊബൈലില്‍ വനംവകുപ്പിന്റെ സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, തൊട്ടടുത്തുള്ള സര്‍ട്ടിഫൈഡ് പാമ്പുപിടുത്തക്കാരുടെ നമ്പറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും വേഗത്തില്‍ കണ്ടെത്താം.

പെരുമ്പാമ്പ് ചില്ലറക്കാരനല്ല. ജീവന്‍ അപകടത്തിലാണെന്നു തോന്നുന്ന പക്ഷം പെരുമ്പാമ്പ് മനുഷ്യനെ ചുറ്റിവരിഞ്ഞുകൊല്ലാന്‍ ശ്രമിക്കും. അതിനാല്‍ പെരുമ്പാമ്പുകളെ കണ്ടാല്‍ സ്വന്തം നിലയ്‌ക്ക് പിടികൂടരുത്. വൈദഗ്ധ്യം നേടിയ ആളുകളുടെയോ വനംവകുപ്പിന്റെ സഹായമോ തേടണം. ഇവ ഇങ്ങോട്ട് വന്നു ആക്രമിക്കാറില്ല. എന്നാല്‍ പെരുമ്പാമ്പ് നന്നായി കടിക്കും.

വിഷമില്ലെങ്കിലും നല്ല ബലമുള്ള പല്ലുകള്‍ ഉള്ളതിനാല്‍ കടി ആഴത്തിലാവും. ഞരമ്പുകള്‍ മുറിയും. വലിയ തോതില്‍ രക്തസ്രാവം ഉണ്ടാകും. മുറിവില്‍ അണു ബാധ ഉണ്ടാകും. അതുകൊണ്ട് കടിയേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. മുറിവില്‍ പച്ചമരുന്നുകള്‍ വച്ചു കെട്ടുന്നതും മറ്റ് പൊടിക്കൈകളും ഒഴിവാക്കുക. പാമ്പ് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് സുരക്ഷിതമായ അകലത്തില്‍ നിന്ന് നിരീക്ഷിക്കുക.
അധികൃതരെ വിവരം അറിയിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4