തിരുവല്ല : നെടുമ്പ്രം പുത്തന്‍കാവ് മാരേകാട്ട് തെക്കേതില്‍ വീട്ടില്‍ അഭിഷേക് ഗോപി (24) ആണ് അറസ്റ്റിലായത്. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തില്‍ വീട്ടില്‍ രാജമ്മയുടെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് നടപടി.
വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് റോഡില്‍ നിന്ന് കീച്ചേരി വാല്‍ക്കടവ് റോഡിലേക്ക് നടന്ന് പോവുകയായിരുന്ന രാജമ്മയെ ലക്ഷ്യമിട്ടായിരുന്നു മോഷണം. എതിര്‍ദിശയില്‍ സ്‌കൂട്ടറിലെത്തിയ പ്രതി വേഗത്തില്‍ മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പിന്നില്‍ എത്തിയ ബൈക്ക് യാത്രക്കാര്‍ പ്രതിയെ പിന്തുടര്‍ന്നെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. മോഷണത്തിനുപയോഗിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടൊപ്പം പ്രതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
അന്വേഷണത്തിനിടെ പ്രതി സുഹൃത്തുക്കളോടൊപ്പം കാറില്‍ നെടുമ്പാശ്ശേരിയിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. ശനിയാഴ്ച രാത്രി മടങ്ങിയെത്തുന്ന വഴിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. രാത്രി 12.30ഓടെ പൊടിയാടി ജംഗ്ഷന് സമീപം രണ്ട് ബൈക്കുകളിലായി പൊലീസ് സംഘം പിന്തുടര്‍ന്നാണ് അഭിഷേക് ഗോപിയെ കസ്റ്റഡിയിലെടുത്തത്.
മോഷ്ടിച്ച സ്വര്‍ണമാലയും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വായ്പകളിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, സമാനമായ മറ്റ് കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഡിവൈഎസ്പി പി.ആര്‍. സന്തോഷ് കുമാറിന്റെയും സി.ഐ. കെ.എസ്. ഗോപകുമാറിന്റെയും നിര്‍ദേശപ്രകാരം പുളിക്കീഴ് എസ്.എച്ച്.ഒ കെ.എസ്. ധന്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എ.എസ്.ഐ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രെജു, രവി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍ ദാസ്, രഞ്ചു കൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.