മല്ലപ്പള്ളി / കല്ലൂപ്പാറ: കേരളീയ വാസ്തുവിദ്യയുടെ തനിമയും പൗരാണികതയും കാത്തുസൂക്ഷിക്കുന്ന കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി ഇനി രാജ്യത്തെ വിദ്യാർഥികൾക്കും പരിചിതമാകും.
പള്ളിയുടെ ചരിത്രവും വാസ്തുശൈലിയുടെ സവിശേഷതകളും ഉൾപ്പെടുത്തി CBSE എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ കല്ലൂപ്പാറ വലിയ പള്ളിക്ക് ഇടം ലഭിച്ചു.
കേരളീയ വാസ്തുവിദ്യയുടെ പ്രത്യേകതകൾ വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരണമാണ് പാഠപുസ്തകത്തിൽ നൽകിയിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യ വാസ്തുവിദ്യയുടെയും മത-സാംസ്കാരിക പൈതൃകത്തിന്റെയും ഉദാഹരണമായാണ് കല്ലൂപ്പാറ വലിയ പള്ളി പാഠപുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്.
പഴമയും തനിമയും നിലനിർത്തിയ പള്ളിയുടെ വാസ്തുശൈലി ഇതിനകം തന്നെ ശ്രദ്ധേയമായിരുന്നെങ്കിലും, രാജ്യത്തെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത് കല്ലൂപ്പാറയ്ക്കും ഇടവകാംഗങ്ങൾക്കും അഭിമാനകരമായ നേട്ടമാണ്.
കാലത്തിനനുസരിച്ച് നിരവധി പഴയ ദേവാലയങ്ങൾ നവീകരണത്തിന്റെ ഭാഗമായി തനത് വാസ്തുശൈലിയിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കല്ലൂപ്പാറ വലിയ പള്ളി പൗരാണികതയും പാരമ്പര്യവും നിലനിർത്തി മുന്നോട്ട് പോകുന്നത്.
ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് ദേവാലയത്തിന്റെ തനിമ സംരക്ഷിച്ച കല്ലൂപ്പാറ നിവാസികളുടെയും ഇടവകാംഗങ്ങളുടെയും സംരക്ഷണശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് CBSE പാഠപുസ്തകത്തിലെ ഈ ഇടം.
കേരളീയ വാസ്തുവിദ്യയുടെ സവിശേഷതകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള പഠനസാമഗ്രിയായി കല്ലൂപ്പാറ വലിയ പള്ളിയുടെ ചിത്രങ്ങളും വിവരണവും ഉൾപ്പെടുത്തിയിരിക്കുന്നത് പള്ളിയുടെ ചരിത്രപ്രാധാന്യത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.
സി മീഡിയ ഓൺലൈൻ ന്യൂസ് ഡെസ്ക്