breaking news New

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി തിരക്കിട്ട് നടത്തുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമെന്ന് ആക്ഷേപം

ആശുപത്രി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപീകരിക്കുന്നതിന് വേണ്ടി ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു.

ജനറല്‍ ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന ബ്ലോക്കിന്റെ ഉദ്ഘാടനമാണ് തിരക്കിട്ട് നടത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. മാര്‍ച്ച് 10 നകം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന് മുന്‍പ് ഉദ്ഘാടനം നടത്തുന്നതിന് വേണ്ടി തിരക്കിട്ട് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം അശാസ്ത്രീയമാണെന്ന് ആക്ഷേപം ഉയര്‍ന്നു. കട്ട കെട്ടുന്നതിന് പിന്നാലെ സിമെന്റ് പ്ലാസ്റ്ററിങ് നടത്തുകയാണ്. അപ്പോള്‍ തന്നെ വൈറ്റ് സിമെന്റും പൂശി വിടുന്നു. കട്ട കെട്ടി 11 മുതല്‍ 14 ദിവസം വരെ നനച്ചു കൊടുക്കണം. അതിന് ശേഷം സിമെന്റ് പ്ലാസ്റ്ററിങ് ചെയ്ത് വീണ്ടും 14 ദിവസം നനയ്ക്കണം. പിന്നീടാണ് വൈറ്റ് സിമെന്റ് അടിക്കേണ്ടത്. എന്നാല്‍, ഇവിടെ ഇതെല്ലാം ഒരു ദിവസം തന്നെ ചെയ്യുകയാണ്. രണ്ടു കരാറുകാര്‍ ആണ് നിര്‍മാണ പ്രവര്‍ത്തനം എടുത്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ അശാസ്ത്രീയ നിര്‍മാണത്തിന് വിസമ്മതിച്ചുവെന്നാണ് അറിവ്. അടുത്തയാള്‍ ഭയന്ന് ഈ വിധത്തില്‍ നിര്‍മാണം തുടരുകയാണ്.

ജനറല്‍ ആശുപത്രി സംബന്ധിച്ച് പ്രാദേശിക സിപിഎം നേതൃത്വവും മന്ത്രിയുമായി കടുത്ത ഭിന്നതയാണ്. സിപിഎം ജില്ലാ കമ്മറ്റി അംഗമായ ടി. സക്കീര്‍ഹുസൈന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ് ഭിന്നതകളുടെ തുടക്കം. മന്ത്രിയും ചെയര്‍മാനും തമ്മിലുള്ള ഭിന്നത പലപ്പോഴും പരസ്യമായിരുന്നു. അങ്ങനെ നഗരസഭയുടെ കീഴിലുണ്ടായിരുന്ന ജനറല്‍ ആശുപത്രി ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലേക്ക് മാറ്റി. രണ്ടിടത്തും സിപിഎം ആയിരുന്നു ഭരണത്തില്‍. അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രസിഡന്റായിരുന്ന ജില്ലാ പഞ്ചായത്ത് കമ്മറ്റിക്ക് ജനറല്‍ ആശുപത്രി ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. മാത്രവുമല്ല, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്നതിനാല്‍ ജനറല്‍ ആശുപത്രി കൂടി നോക്കി നടത്താനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.

സക്കീര്‍ ഹുസൈനോടുള്ള മന്ത്രിയുടെ പക പോക്കലിന്റെ ഭാഗമായി ജനറല്‍ ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറുക തന്നെ ചെയ്തു. ഇതോടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലായി. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്തു. ആശുപത്രിയുടെ പ്രവര്‍ത്തനം മന്ത്രി നേരിട്ട് ഇടപെട്ട് കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതും വിവാദമായി. ഇതിനിടെ പഴയ ബ്ലോക്കുകളില്‍ നിന്ന് സിമെന്റ് കട്ടകള്‍ രോഗികള്‍ക്ക് മുകളില്‍ അടര്‍ന്നു വീണു. ഇതോടെ പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചെങ്കിലും ഇഴഞ്ഞു നീങ്ങി. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓടിച്ചിട്ട് ഉദ്ഘാടനം ചെയ്യാനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

ഉദ്ഘാടനം നടത്തുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം രൂപീകരിക്കാന്‍ ഇന്ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ യോഗം ചേരുന്നതിന് നോട്ടീസ് കൊടുത്തിരുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി മുതലുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കലക്ടറും പാര്‍ട്ടി ജില്ലാ-ഏരിയ സെക്രട്ടറിമാരും അടക്കം എത്തിയില്ല. നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഏ. സുരേഷ്‌കുമാര്‍, കൗണ്‍സിലര്‍ സി.കെ. അര്‍ജുനന്‍ എന്നിവര്‍ വന്നു. മുന്‍ ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍, മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ വിട്ടു നിന്നു. ആകെ രണ്ട് ലോക്കല്‍ സെക്രട്ടറിമാരും ഏതാനും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്. ഹാള്‍ നിറയെ മാധ്യമപ്രവര്‍ത്തകരും എത്തി.

മന്ത്രി യോഗം തുടങ്ങുന്നുവെന്ന് അറിയിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി എ. സുരേഷ്‌കുമാര്‍ എണീറ്റു. തുടര്‍ന്ന് അതിരൂക്ഷമായ ഭാഷയില്‍ മന്ത്രിക്ക് നേരെ വിമര്‍ശനം ആരംഭിച്ചു. നഗരസഭയുടെ കൈയില്‍ നിന്നും ആശുപത്രി മാറ്റിയത് അടക്കം സുരേഷ് പരാമര്‍ശിച്ചു. ഇതോടെ ഹാളിലുണ്ടായിരുന്ന സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എണീറ്റു. സുരേഷിനെ കൈകാര്യം ചെയ്യാനുള്ള നീക്കം തുടങ്ങി. എന്നാല്‍, മന്ത്രി ഇടപെട്ടു തടഞ്ഞു. ബഹളം അധികരിച്ചതോടെ സ്വാഗതസംഘം രൂപീകരണം നടത്തിയതായി വരുത്തി തീര്‍ത്തു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനുമുള്ള ആലോചന നടന്നു. വീണയ്ക്കെതിരേ നിരന്തരം വാര്‍ത്തകള്‍ വരുന്നതാണ് പ്രകോപനമായത്. ചടങ്ങിനെത്തിയ വീണയും ഏഷ്യാനെറ്റ് ലേഖകനുമായി കടുത്ത വാഗ്വാദവും നടന്നിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5