കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗവും അപകടകരമായ ഡ്രൈവിങും വീണ്ടും ആശങ്കയാകുന്നു. ഹൈക്കോടതിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
മേനക ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ 'മഹാത്മ' എന്ന സ്വകാര്യ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയത്. അപകടത്തിന് പിന്നാലെ ബസും ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാൽനടയാത്രക്കാരിയായ യുവതി സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പാണ് കൊച്ചിയിൽ വീണ്ടും അപകടം. തൃശൂർ സ്വദേശിനിയും ഇൻഫോപാർക്ക് ജീവനക്കാരിയുമായ അക്ഷരയാണ് കഴിഞ്ഞ ദിവസം കാക്കനാട് ഐഎംജി ജങ്ഷനിലുണ്ടായ അപകടത്തിൽ മരിച്ചത്.
ജിമ്മിൽനിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ 'മലയിൽ' എന്ന സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ ബിനോയിക്കെതിരെ മനപ്പൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് തുടർച്ചയായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അമിതവേഗത്തിലും അപകടകരമായും സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു.
വിഷയത്തിൽ കൊച്ചി കോർപ്പറേഷനും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തുടർച്ചയായ അപകടങ്ങൾ നഗരത്തിലെ പൊതുഗതാഗത സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. സ്വകാര്യ ബസുകൾക്ക് കർശനമായ വേഗനിയന്ത്രണം ഏർപ്പെടുത്തുക, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ പരിശോധന നടത്തുക, ഡ്രൈവർമാരുടെ ഉത്തരവാദിത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ശക്തമാകുകയാണ്.
യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഇനി എത്രയും വേഗം ഇടപെടണമെന്ന ആവശ്യവും ഉയരുന്നു.
C-MEDIA NEWS DESK | www.cmediaonline.in
കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു ; ഹൈക്കോടതിക്ക് സമീപം ട്രാഫിക് പൊലീസുകാരനെ ഇടിച്ചുവീഴ്ത്തി
Advertisement
Advertisement
Advertisement