തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിൽ ബിജെപി അധികാരം പങ്കിടുന്ന ഏക പഞ്ചായത്തായ കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ട് പ്രസന്ന സതീഷിനും വൈസ് പ്രസിഡണ്ട് ഗോപകുമാറിനെതിരെയാണ് യുഡിഎഫ് പഞ്ചായത്ത് പാർലമെന്റ് പാർട്ടിയുടെ നേതൃത്വത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
15 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ബിജെപി -6, യുഡിഎഫ് -5 ( കേരള കോൺഗ്രസ്-3, കോൺഗ്രസ്-2),
എൽഡിഎഫ് -4( സിപിഎം-1, സിപിഎം സ്വതന്ത്ര-1, സിപിഐ സ്വതന്ത്ര-1, ജനതാദൾ എസ് -1) എന്നിങ്ങനെയാണ് കക്ഷിനില.
പിടി ഉഷ കുറ്റൂർ ഗ്രാമപഞ്ചായത്ത് ദത്തെടുത്തതിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനം വരും എന്ന് പറഞ്ഞിട്ട് 10 മാസം കഴിഞ്ഞിട്ടും ഒരു പദ്ധതിയും വരാത്തതിലും തകർന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ കഴിയാത്തതിലും ഉള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് യുഡിഎഫിന്റെ അഞ്ച് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് നൽകിയത്.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഭിലാഷ് വെട്ടിക്കാടൻ, ജോസ് തേക്കാട്ടിൽ, രബീഷ് മോൻ രവി, അജിത ടീച്ചർ, രാധിക ഉത്തമൻ എന്നിവരാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
യുഡിഎഫ് നേതാക്കളായ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, ഡിസിസി എക്സിക്യൂട്ടീവ് അംഗം വിശാഖ് വെൺപാല, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പോൾ തോമസ് എന്നിവർ നേതൃത്വം നൽകി.