breaking news New

കോട്ടയത്ത് സഹപ്രവർത്തകന്റെ വീട്ടിലെ പാലുകാച്ചൽ ചടങ്ങിനെത്തിയ പോലീസുകാർ തമ്മിലടിച്ചു ; സംഭവം വൻ വിവാദത്തിൽ

കോട്ടയം : പൊതുസ്ഥലത്ത് ക്രമസമാധാനപാലനം ഉറപ്പാക്കേണ്ട നിയമപാലകർ തമ്മിലടിച്ച വാർത്ത പുറത്തുവന്നിട്ടും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാൻ തയ്യാറാകാതെ കേസ് ഒതുക്കിത്തീർക്കാനാണ് നീക്കം നടക്കുന്നത്.

ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെയും ഡിവൈ.എസ്.പി ഓഫീസിലെയും ഉദ്യോഗസ്ഥരാണ് പരസ്യമായി ഏറ്റുമുട്ടിയത്. ഓഗസ്റ്റ് 21-ന് വൈകിട്ട് ആറുമണിയോടെ കുറിച്ചി കാലായിപ്പടിയിലാണ് പോലീസിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്.

ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ വീടിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരാണ് തമ്മിലടിച്ചത്.

മുൻപും ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളിൽ അകൽച്ചയിലായിരുന്ന ഇരുകൂട്ടരും തമ്മിൽ ചടങ്ങിനിടെ വീണ്ടും വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുകയും പോലീസുകാർ പരസ്യമായി തെരുവിൽ ഏറ്റുമുട്ടുന്ന കാഴ്ചയുമാണ് കണ്ടത്.

ഡിവൈ.എസ്.പി ഓഫീസിലെ റൈറ്ററുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും ചങ്ങനാശേരി സ്റ്റേഷനിലെ സി.പി.ഒയും തമ്മിലാണ് ആദ്യം തർക്കമുണ്ടായത്. തുടർന്ന് ഇവർ ചേരിതിരിയുകയും നാലുപേരടങ്ങുന്ന സംഘം ചേർന്ന് സ്റ്റേഷനിലെ സി.പി.ഒയെ മർദ്ദിക്കുകയുമായിരുന്നു. അടിയന്തരമായി ക്രമസമാധാനം ഉറപ്പാക്കേണ്ടവർ തന്നെ നാട്ടുകാരുടെ മുന്നിൽ വെച്ച് അക്രമത്തിൽ ഏർപ്പെട്ടത് പോലീസിന് വലിയ രീതിയിലുള്ള നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചും വിവരങ്ങൾ അറിഞ്ഞിട്ടും ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉന്നതാധികാരികൾക്ക് കൈമാറിയിട്ടില്ലെന്ന ഗുരുതര ആരോപണവും ഉയർന്നുവരുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം മറച്ചുവെച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി അന്വേഷണ വിവരങ്ങൾ പൂഴ്ത്തിവെക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്.

ചങ്ങനാശേരി ഡിവൈ.എസ്.പി നേരിട്ട് ഇടപെട്ടാണ് വിഷയം ഒതുക്കിത്തീർക്കാൻ നീക്കം നടത്തുന്നതെന്ന ആരോപണവും സേനയ്ക്കുള്ളിൽ ശക്തമാണ്. പൊതുസ്ഥലത്ത് ക്രമസമാധാനം തകർത്ത പോലീസുകാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുന്നതിന് പകരം കുറ്റക്കാരെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നതിൽ പോലീസ് സേനയ്ക്കുള്ളിൽ തന്നെ വലിയ രീതിയിലുള്ള അമർഷവും വിയോജിപ്പും പുകയുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4