breaking news New

എ.കെ. ആന്റണിയുടെ ഭാര്യയെന്ന് അറിയാതെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് ; പേര് തിരിച്ചറിഞ്ഞതോടെ കമ്മിഷണറുടെ ഇടപെടൽ : ഒടുവിൽ ക്ഷമാപനത്തിന് നിർദേശം!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ പരാതിയിൽ 'ആളറിയാതെ' ഇടപെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്. പരാതിക്കാരിയോട് ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു ഉദ്യോഗസ്ഥന്റെ നിർദേശം. എന്നാൽ പരാതിക്കാരിയുടെ പേരിനൊപ്പം 'വൈഫ് ഓഫ് എ.കെ. ആന്റണി' എന്ന് രേഖപ്പെടുത്തിയിരുന്നത് ശ്രദ്ധിക്കാതെ പോയതാണ് സംഭവത്തിന് വഴിവെച്ചത്.

വീട്ടിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തർക്കത്തിലാണ് എലിസബത്ത് പൊലീസിനെ സമീപിച്ചത്. പണികൾ ഏറ്റെടുത്തയാൾ മുൻകൂർ പണം വാങ്ങിയിട്ടും ജോലി പൂർത്തിയാക്കിയില്ലെന്നും പലതവണ ബന്ധപ്പെട്ടിട്ടും ഫോണിൽ ലഭിച്ചില്ലെന്നുമായിരുന്നു പരാതി. തുടർന്ന് ഇ-മെയിൽ വഴി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പരാതി അയക്കുകയായിരുന്നു.

പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ ബന്ധപ്പെടുകയും തുടർനടപടികൾക്കായി ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് പരാതിക്കാരി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയുടെ ഭാര്യയാണെന്ന് പൊലീസിന് മനസ്സിലായത്.

വിവരം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് ഇടപെട്ടു. എലിസബത്തിനെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ മ്യൂസിയം എസ്.എച്ച്.ഒയ്ക്ക് നിർദേശം നൽകിയതായാണ് വിവരം. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് വന്ന് ക്ഷമ ചോദിക്കേണ്ടതില്ലെന്ന് എലിസബത്ത് അറിയിച്ചതോടെ വിഷയം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങിയില്ല.

അതേസമയം, പരാതിയിൽ പൊലീസ് നടപടി വേഗത്തിലാക്കി. അറ്റകുറ്റപ്പണി ഏറ്റെടുത്തയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബാക്കിയുള്ള ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി. ഇതോടെ പരാതിക്കും പരിഹാരമായി.

എന്നാൽ പരാതിക്കാരിയുടെ ഭർത്താവിന്റെ പേര് തിരിച്ചറിഞ്ഞതിനു ശേഷമുണ്ടായ പൊലീസ് ഇടപെടലിലെ മാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സാധാരണക്കാരുടെ പരാതികളിലും ഇതേ വേഗതയും പരിഗണനയും ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സ്ത്രീയുടെ പരാതി പരിഗണിക്കുമ്പോൾ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തണമെന്ന നിർദേശം നൽകിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4