തിരുവല്ല :
മാർത്തോമ്മാ കോളേജ് തിരുവല്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക-സാങ്കേതിക ലോകത്തിനനുസരിച്ച് വിദ്യാഭ്യാസവും അക്കാദമിക പരിപാടികളും മാറണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. പുതിയ അറിവുകൾ അതിവേഗം സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്. പഠിച്ചിറങ്ങുമ്പോഴേക്കും പല അറിവുകളും കാലഹരണപ്പെടുന്ന സാഹചര്യത്തിൽ നിരന്തരമായ അറിവ് പുതുക്കൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
1952ൽ ആരംഭിച്ച കോളേജിന്റെ 75 വർഷത്തെ വിദ്യാഭ്യാസ സേവനത്തെ അദ്ദേഹം അനുസ്മരിച്ചു. ദീർഘവീക്ഷണത്തോടെ കോളേജ് സ്ഥാപിക്കുകയും തലമുറകളിലൂടെ സ്ഥാപനത്തെ വളർത്തുകയും ചെയ്ത അധ്യാപകരെയും മുൻ പ്രിൻസിപ്പൽമാരെയും അദ്ദേഹം ആദരവോടെ സ്മരിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് ആരോഗ്യരംഗത്ത് പുതിയ സാങ്കേതികവിദ്യകൾ രോഗനിർണയത്തിലും ചികിത്സയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.
പുതിയ അറിവുകൾ അതിവേഗം സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ പഴയ അറിവുകൾ മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസരീതി തുടരാനാകില്ല. അധ്യാപകരും വിദ്യാർഥികളും നിരന്തരം അറിവ് പുതുക്കുന്ന രീതിയിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കാലത്തിന്റെ തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ കോഴ്സുകൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖലയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ശക്തമായ ബന്ധം ഉണ്ടാകണം. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ ലഭിക്കുന്ന തരത്തിൽ അക്കാദമിക പരിപാടികൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ വിവിധ തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് അതിനനുസരിച്ച് പാഠ്യപദ്ധതികളിൽ മാറ്റം വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകൾ ആരംഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നേരിടുന്ന ജനസംഖ്യാ മാറ്റവും യുവതലമുറയുടെ കുറയുന്ന എണ്ണവും ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവാക്കൾ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകുന്ന പ്രവണത കുറയ്ക്കാൻ കേരളത്തിൽ തന്നെ മികച്ച അക്കാദമിക-തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം.
“കുട്ടികളെ പുറത്തേക്ക് വിടുന്നതല്ല, അവർ ഇവിടെ പഠിക്കുകയും ഇവിടെത്തന്നെ ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം” എന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. മികച്ച കോഴ്സുകളും വ്യവസായ ബന്ധവും തൊഴിൽ സാധ്യതകളും ഉറപ്പാക്കിയാൽ യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുതുതായി അനുവദിച്ച കോഴ്സുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കോളേജ് മാനേജർ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷനായി.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള വിവിധ പദ്ധതികളുടെ അവതരണം കോളേജ് ട്രഷറർ തോമസ് കോശി നിർവഹിച്ചു. ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം തിരുവല്ല നിയോജകമണ്ഡലം എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ നിർവഹിച്ചു.
പ്രശസ്ത ചലച്ചിത്ര സംവിധായകനും കോളേജിന്റെ പൂർവവിദ്യാർഥിയുമായ ബ്ലെസ്സി ഐപ്പ് തോമസ് കോളേജിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനം നിർവഹിച്ചു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭാ സെക്രട്ടറി റവ. ഡാനിയൽ വർഗീസ്, തിരുവല്ല നഗരസഭാ അധ്യക്ഷ എസ്. ലേഖ, കോളേജ് ഗവേണിംഗ് കൗൺസിലിലെ അധ്യാപക പ്രതിനിധി മനേഷ് ജേക്കബ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വർഗീസ് ടി. കെ. കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനർ ഡോ. ടീന ടി. എലിസബത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വൈജ്ഞാനിക വിപ്ലവത്തിനൊപ്പം വിദ്യാഭ്യാസവും മാറണം ; പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസരംഗം നവീകരിക്കണം : മുഖ്യമന്ത്രി വി.ഡി. സതീശൻ ; പത്തനംതിട്ട തിരുവല്ല മാർത്തോമ്മാ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Advertisement
Advertisement
Advertisement