breaking news New

നിലയ്ക്കലിൽ ദുരിതയാത്രയായി അയ്യപ്പഭക്തരുടെ തീർത്ഥാടനം ; വെളിച്ചമില്ല ! യാത്രാസൗകര്യവും അപര്യാപ്തം

നിലയ്ക്കൽ: ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിൽ അയ്യപ്പഭക്തരുടെ ദുരിതങ്ങൾക്ക് പരിഹാരമാകുന്നില്ല. കുടിവെള്ളം, വെളിച്ചം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് തീർത്ഥാടകരെ വലയ്ക്കുന്നത്. തിരക്കിനൊപ്പം പാർക്കിങ് സോണുകളിലേക്കുള്ള യാത്രയും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

70 ഏക്കറോളം വരുന്ന സ്ഥലത്ത് 15 സോണുകളായി തിരിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ പാർക്കിങ് മേഖലയുടെ പിൻഭാഗങ്ങളിൽ പലയിടത്തും മതിയായ വെളിച്ചമില്ല. വനാതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ കാട്ടാനശല്യവും തീർത്ഥാടകർക്ക് ഭീഷണിയാകുന്നുണ്ട്.

ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ നിലയ്ക്കലിലെ ഏതെങ്കിലും സോണിൽ വാഹനം പാർക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്ആർടിസി ഡിപ്പോയിലെത്തിയാൽ മാത്രമേ പമ്പയിലേക്കുള്ള ബസിൽ കയറാനാകൂ. തീർത്ഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ പാർക്കിങ് സോണിലേക്ക് മാറ്റാൻ പൊലീസ് അനുവദിക്കാത്തതും തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കഴിഞ്ഞ ദിവസം ഡ്രൈവറെ എഎസ്ഐ മർദിക്കുന്ന സംഭവത്തിലേക്ക് നയിച്ചത്.

നിലയ്ക്കൽ–പമ്പ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ബസുകളിലെത്തുന്ന അയ്യപ്പഭക്തരുടെ സംഘങ്ങളിൽ അൻപതോളം പേരുണ്ടാകും. സംഘം ഒന്നിച്ച് ഒരേ ബസിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നത് തിരക്ക് വർധിപ്പിക്കുന്നു.

ദർശനം കഴിഞ്ഞ് പമ്പയിൽനിന്ന് നിലയ്ക്കലിലെത്തുന്ന തീർത്ഥാടകരും സ്വന്തം വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സോണുകളിലേക്ക് നടന്നുപോകേണ്ട അവസ്ഥയാണ്. മലകയറിയിറങ്ങി ക്ഷീണിതരായ കുട്ടികളടക്കമുള്ള തീർത്ഥാടകർക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

പാർക്കിങ് സോണുകളെ പരസ്പരം ബന്ധിപ്പിച്ച് നിലവിൽ രണ്ട് കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ വിശാലമായ പാർക്കിങ് മേഖലയിലെ തീർത്ഥാടകരുടെ ആവശ്യത്തിന് ഇത് മതിയാകുന്നില്ല. ഒരു ബസ് കൂടി അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചിരുന്നു.

സർവീസ് ബസുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ പല തീർത്ഥാടകരും സ്വന്തം വാഹനങ്ങളിലേക്ക് നടന്നെത്തുകയാണ്. പാർക്കിങ് മേഖലയിലെ പല റോഡുകളും കോൺക്രീറ്റ് ചെയ്യാത്തതിനാൽ യാത്ര കൂടുതൽ ദുഷ്കരമാകുന്നു. രാത്രികാലങ്ങളിൽ വിശാലമായ പാർക്കിങ് സോണിൽ സ്വന്തം വാഹനം കണ്ടെത്തുന്നതും തീർത്ഥാടകർക്ക് വെല്ലുവിളിയാണ്.

തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നിലയ്ക്കലിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പാർക്കിങ് മേഖലകളെ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനം വിപുലീകരിക്കുന്നതിനും അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4