കോട്ടയം: ആഗോള സുറിയാനി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്ക് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രൗഢഗംഭീരമായ സ്വീകരണം. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് വിശ്വാസികളാണ് ബാവയെ സ്വീകരിക്കാൻ പള്ളിയങ്കണത്തിൽ എത്തിച്ചേർന്നത്.
രാവിലെ ഒമ്പതോടെ കത്തീഡ്രലിലെത്തിയ പാത്രിയർക്കീസ് ബാവയെയും അന്ത്യോക്യാ പ്രതിനിധി സംഘത്തെയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയെയും മറ്റ് മെത്രാപ്പോലീത്തമാരെയും ഇടവക വികാരി കെ. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്തിന്റെ നേതൃത്വത്തിൽ ആചാരപരമായി സ്വീകരിച്ചു.
സന്ദർശനത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് കത്തീഡ്രലും പരിസരവും മനോഹരമായി അലങ്കരിച്ചിരുന്നു.
തുടർന്ന് പാത്രിയർക്കീസ് ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. നൂറുകണക്കിന് വൈദികരും വിശ്വാസികളും പങ്കെടുത്ത ചടങ്ങുകൾ ഭക്തിനിർഭരമായി. വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിമുറ്റത്ത് ഒരുക്കിയ വേദിയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത ബാവ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു.
കോട്ടയം ഭദ്രാസനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഔദ്യോഗിക ലോഗോ പാത്രിയർക്കീസ് ബാവ പ്രകാശനം ചെയ്തു. സഭയിലെ പ്രമുഖ ആത്മീയ നേതാക്കൾക്കും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർക്കും ചടങ്ങിൽ സാന്നിധ്യമുണ്ടായിരുന്നു.
മണർകാട് സെന്റ് മേരീസ് കോളേജിൽ പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനവും ബാവ നിർവഹിച്ചു. മലത്ത് സ്ഥാപിക്കുന്നതിനായി തയ്യാറാക്കിയ പുതിയ കുരിശിന്റെ ആശീർവാദ കർമ്മവും നടന്നു.
സഭാ ചരിത്രത്തിലെ ശ്രദ്ധേയമായ സന്ദർശനമായി മാറിയ പാത്രിയർക്കീസ് ബാവയുടെ വരവ് മണർകാടിന് ആത്മീയ ആഘോഷമായി. ആയിരക്കണക്കിന് വിശ്വാസികളുടെ പങ്കാളിത്തം സന്ദർശനത്തിന് കൂടുതൽ പ്രൗഢിയേകി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in