breaking news New

പരുമല പെരുന്നാൾ 2026 : സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി പത്തനംതിട്ട ജില്ലാ പോലീസ് : 500-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും ; 11 സെക്ടറുകളായി തിരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ

പത്തനംതിട്ട:
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരുമല പള്ളിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ്.

ഒക്ടോബർ 31, നവംബർ 1, 2 തീയതികളിലായി നടക്കുന്ന പെരുന്നാളിൽ വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ തോതിൽ തീർത്ഥാടകരും സന്ദർശകരും എത്തുമെന്നതിനാൽ സുരക്ഷ, ക്രമസമാധാനം, ഗതാഗത നിയന്ത്രണം, തിരക്ക് നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ജില്ലാ പോലീസ് പൂർത്തിയാക്കി.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്കായി വിശദമായ നിർദ്ദേശങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന യോഗം സംഘടിപ്പിച്ചു.

പത്തനംതിട്ട ജില്ലയിൽ നിന്നുമാത്രം 500-ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നത്. പെരുന്നാൾ ദിവസങ്ങളിൽ തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടന അന്തരീക്ഷം ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പള്ളിയും പരിസര പ്രദേശങ്ങളും 11 സെക്ടറുകളായി തിരിച്ച് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ഓരോ സെക്ടറിലെയും പോലീസ് ഉദ്യോഗസ്ഥർ അതത് മേഖലകളിലെ ക്രമസമാധാന പാലനം, വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുഗമമായ സഞ്ചാരം, തിരക്ക് നിയന്ത്രണം, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

നവംബർ 1-ന് മലയാള സിനിമാതാരം മമ്മൂട്ടി പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ അന്നേ ദിവസം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തും. നവംബർ 2-ന് ഉച്ചകഴിഞ്ഞ് നടക്കുന്ന റാസയിലും വലിയ ജനപങ്കാളിത്തമുണ്ടാകും.

തീർത്ഥാടകരിൽ വലിയൊരു വിഭാഗം സ്ത്രീകളും കുട്ടികളുമായിരിക്കുമെന്നതിനാൽ അവരുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, മോഷണം, ആഭരണങ്ങൾ തട്ടിയെടുക്കൽ, പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യൽ തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കും. തീർത്ഥാടകരുടെ സുരക്ഷയ്ക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഇത്തരം സംഭവങ്ങൾ തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പരുമല പാലം മുതൽ പള്ളി പ്രവേശന കവാടം വരെയുള്ള പ്രധാന റോഡിൽ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഘോഷയാത്രയുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾക്ക് മാത്രമായിരിക്കും നിശ്ചിത നിയന്ത്രണങ്ങളോടെ പള്ളിവളപ്പിലേക്ക് പ്രവേശനം അനുവദിക്കുക. റോഡരികിലെ അനധികൃത കച്ചവടങ്ങളും വാഹനഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങളും നിയന്ത്രിക്കും. മാന്നാർ , പരുമല, ചെങ്ങന്നൂർ ഭാഗങ്ങളിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നടപ്പാക്കും.

തീർത്ഥാടകരുടെ സഞ്ചാരത്തിനും വാഹനങ്ങളുടെ സുഗമമായ നീക്കത്തിനും തടസ്സമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസ് നിരന്തര നിരീക്ഷണം നടത്തും.

ഭിക്ഷാടനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകളും ഗതാഗത തടസ്സങ്ങളും ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. പോലീസിന്റെ നിർദ്ദേശങ്ങളോട് തീർത്ഥാടകരും പൊതുജനങ്ങളും പൂർണമായി സഹകരിക്കണമെന്നും ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.

സുരക്ഷിതവും സമാധാനപരവും സുഗമവുമായ ഒരു പെരുന്നാൾ തീർത്ഥാടനകാലം ഉറപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് പ്രതിജ്ഞാബദ്ധമാണ്.

പെരുന്നാൾ ആഘോഷങ്ങൾ സമാധാനപരമായും സുരക്ഷിതമായും പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4