കോട്ടയം: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ചങ്ങനാശേരി അതിരൂപതയുടെ പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ പാറേൽ മർത്ത്മറിയം വലിയപള്ളി ഇനി ബസിലിക്ക. പള്ളിയെ ബസിലിക്കയായി ഉയർത്തിക്കൊണ്ടുള്ള വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ആർച്ച് ബിഷപ് മാർ തോമസ് തറയിൽ വിശ്വാസസമൂഹത്തെ അറിയിച്ചു.
മാർപാപ്പയുടെ പ്രതിനിധിയായ കർദിനാൾ ആർതർ റോച്ചിന്റെ പ്രഖ്യാപന പത്രിക ആർച്ച് ബിഷപ് വായിച്ചതോടെ പാറേൽ പള്ളിയുടെ ചരിത്രത്തിൽ അവിസ്മരണീയ നിമിഷം പിറന്നു. ചങ്ങനാശേരി അതിരൂപതയ്ക്കും കേരള കത്തോലിക്കാ സഭയ്ക്കും ഒരുപോലെ അഭിമാനമായി മാറിയ പ്രഖ്യാപനത്തെ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാപൂർവം വരവേറ്റു.
ആർച്ച് ബിഷപ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ബലിപീഠം കൂദാശ ചെയ്ത് ആദ്യ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. നിരവധി മെത്രാന്മാരും വൈദികരും സന്യസ്തരും ചടങ്ങുകളിൽ പങ്കുചേർന്നു.
1906 ഡിസംബർ 7-ന് വികാരി അപ്പസ്തോലിക്കയായിരുന്ന മാർ മാത്യു മാക്കിൽ ആദ്യ കപ്പേള കൂദാശ ചെയ്തതിന്റെ 120-ാം വർഷത്തിലാണ് പുതുക്കിപ്പണിത മർത്ത്മറിയം വലിയപള്ളിയുടെ കൂദാശയും ബസിലിക്ക പ്രഖ്യാപനവും നടന്നത് എന്നതും ചടങ്ങിന് ചരിത്രപ്രാധാന്യം വർധിപ്പിച്ചു.
പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യവും ഭാരതീയ വാസ്തുവിദ്യയുടെ തനിമയും സമന്വയിപ്പിച്ച് പ്രൗഢിയോടെ നിർമിച്ച പാറേൽ പള്ളിയിലെ ചരിത്രചടങ്ങുകൾക്ക് സാക്ഷികളാകാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
വിശ്വാസത്തിന്റെയും ആത്മീയ പൈതൃകത്തിന്റെയും മഹത്തായ അടയാളമായി പാറേൽ പള്ളി ഇനി ബസിലിക്കയുടെ പദവിയിൽ തലയുയർത്തി നിൽക്കും.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ചങ്ങനാശേരി അതിരൂപതയ്ക്ക് ചരിത്രനേട്ടം ; പാറേൽ മർത്ത്മറിയം വലിയപള്ളി ഇനി ബസിലിക്ക!
Advertisement
Advertisement
Advertisement