breaking news New

പത്തനംതിട്ടയിൽ മത്സ്യവ്യാപാരിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങി ; മിമിക്രി കലാകാരനായ പഞ്ചായത്ത് ഉദ്യോഗസ്ഥൻ പിടിയിൽ

പത്തനംതിട്ട/കോഴഞ്ചേരി :
മത്സ്യവ്യാപാരിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അയിരൂർ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാർക്കിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.

പത്തനംതിട്ട കുലശേഖരപതി സ്വദേശി താജുദ്ദീൻ (50) ആണ് പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ അടയാളപ്പെടുത്തിയ 5,000 രൂപയും ഇയാളിൽ നിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തു.

വെൺമണി സ്വദേശിയായ മത്സ്യവ്യാപാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. അയിരൂർ പഞ്ചായത്തിലെ തടിയൂരിൽ മറ്റൊരാൾ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം പരാതിക്കാരൻ ഏറ്റെടുത്തിരുന്നു. തുടർന്ന് പഴയ ഉടമയുടെ പേരിലുള്ള ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റുന്നതിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് പുതുക്കി നൽകാൻ അധികൃതർ തയ്യാറായില്ല.

ഒക്ടോബർ ആദ്യവാരം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർ കടയിലെത്തി ലൈസൻസ് ആവശ്യപ്പെട്ടു. ലൈസൻസ് മാറ്റുന്നതിനായി അപേക്ഷ നൽകിയിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരി അറിയിച്ചതോടെ പഞ്ചായത്തോഫീസിലെത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. തുടർന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് താജുദ്ദീൻ 20,000 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 8,000 രൂപ നൽകിയാൽ പിഴയിൽ നിന്ന് ഒഴിവാക്കാമെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് കൈക്കൂലി തുക 5,000 രൂപയായി കുറയ്ക്കുകയും ചെയ്തു.

ഇതോടെ വ്യാപാരി പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു. അടയാളപ്പെടുത്തുന്നതിനായി പ്രത്യേക രാസവസ്തു പുരട്ടിയ 5,000 രൂപ വിജിലൻസ് ഉദ്യോഗസ്ഥർ വ്യാപാരിക്ക് കൈമാറി. ഈ പണം താജുദ്ദീന് നൽകാനായിരുന്നു നിർദേശം.

ശനിയാഴ്ച വൈകിട്ട് 5.30ഓടെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം വെച്ച് വ്യാപാരി താജുദ്ദീന് പണം കൈമാറി. ഈ സമയം സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ പണവും പിടിച്ചെടുത്തു.

അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താജുദ്ദീൻ കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4