പത്തനംതിട്ട: മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും നിയമവിരുദ്ധ പണ കൈമാറ്റങ്ങളും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറന്മുള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പണം മ്യൂൾ അക്കൗണ്ടുകൾ മുഖേന കൈമാറുന്നവരെയും നിയമവിരുദ്ധ പണമിടപാടുകൾ നടത്തുന്നവരെയും കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക ശ്രദ്ധ നൽകി നടത്തിയ രഹസ്യ വിവര ശേഖരണത്തിലൂടെ 14 നിർണായക വിവരങ്ങളാണ് ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ ഏകോപിപ്പിക്കുകയും വിവിധ പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി നടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. സൈബർ പോലീസ് സ്റ്റേഷന്റെയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തനംതിട്ടയിൽ മൂന്ന് കേസുകളും ആറന്മുളയിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. അടൂർ, കൂടൽ, തണ്ണിത്തോട്, ചിറ്റാർ, റാന്നി, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തു.
ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കിടങ്ങന്നൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കിടങ്ങന്നൂർ പി.ഒ., കിടങ്ങന്നൂർ വില്ലേജ്, ആറന്മുള സ്വദേശിയായ പി.കെ. ഗോപിയുടെ മകൻ അർജുൻ പി. ഗോപി (23), വല്ലന, കിടങ്ങന്നൂർ വില്ലേജ്, ആറന്മുള, അലീഫ് മൻസിൽ സ്വദേശിയായ ഖാന്റെ മകൻ അലീഫ് ഖാൻ (25) എന്നിവരാണ് അറസ്റ്റിലായത്.
അർജുന്റെ പേരിലുള്ള ഗ്രാമീൺ ബാങ്ക് അക്കൗണ്ട് സാമ്പത്തിക ഇടപാടുകൾക്കായി മറ്റൊരാൾക്ക് കൈമാറിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2015-ൽ ആരംഭിച്ച അക്കൗണ്ട് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഒരു മാസം മുൻപ് സുഹൃത്തായ അലീഫ് ഖാന്റെ നിർദ്ദേശപ്രകാരം എറണാകുളത്ത് യൂബർ ടാക്സി ഓടിക്കുന്ന ഇടുക്കി സ്വദേശിയായ ഒരാൾക്ക് ഉപയോഗിക്കാനായി അക്കൗണ്ടിന്റെ പാസ് ബുക്ക്, എ.ടി.എം. കാർഡ്, പുതിയ സിം കാർഡ് എന്നിവ കൈമാറിയെന്നാണ് കണ്ടെത്തൽ. തുടർന്ന് ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിലൂടെ നിരവധി തുകകൾ വന്നുപോയതിനെത്തുടർന്ന് സംശയം തോന്നിയ ബാങ്ക് അധികൃതർ അർജുനെ വിവരമറിയിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
സാമ്പത്തിക തട്ടിപ്പുകൾക്കായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരെയും അക്കൗണ്ടുകൾ കൈമാറുന്നവരെയും കണ്ടെത്തുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് അറിയിച്ചു.
ഓപ്പറേഷൻ സൈ ഹണ്ട് : പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന ; ജില്ലയിൽ 10 കേസുകൾ, അഞ്ചുപേർ അറസ്റ്റിൽ
Advertisement
Advertisement
Advertisement