പത്തനംതിട്ട/ നിലയ്ക്കൽ:
ശബരിമല 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടനകാലം സുരക്ഷിതവും അപകടരഹിതവുമാക്കുന്നതിനും ക്രമസമാധാനവും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കുന്നതിനുമായി നിലയ്ക്കലിൽ താൽക്കാലിക പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് സ്റ്റേഷന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, പത്തനംതിട്ട ഡി വൈ എസ് പി നിഷാദ് മോൻ , പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി മുഹമ്മദ് റിയാസ് എന്നിവർ സന്നിഹിതരായിരുന്നു. സബ് ഇൻസ്പെക്ടർ മിഥുൻ അശോക് ആണ് സ്റ്റേഷൻ ഹൗസ് ഓഫീസർ.
ശബരിമലയുടെ പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കൽ തീർത്ഥാടന സുരക്ഷാ ക്രമീകരണങ്ങളിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. പമ്പയിലേക്കും സന്നിധാനത്തേക്കും പോകുന്ന തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഇവിടെ തിരക്ക് നിയന്ത്രിക്കുന്നതിലും ഗതാഗതം സുഗമമാക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും പോലീസിന്റെ പ്രവർത്തനം ഏറെ പ്രധാനപ്പെട്ടതാണ്.
തീർത്ഥാടകരുടെ വരവും മടക്കവും ക്രമീകരിക്കുക, വാഹന ഗതാഗതം നിയന്ത്രിക്കുക, പാർക്കിംഗ് ക്രമീകരണങ്ങൾ നിരീക്ഷിക്കുക, തിരക്കുമൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുക, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുക തുടങ്ങിയ ചുമതലകളിൽ നിലയ്ക്കൽ പോലീസ് സ്റ്റേഷൻ നിർണായക പങ്കുവഹിക്കും.
തീർത്ഥാടകർക്ക് ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്നതിനൊപ്പം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ ജാഗ്രത പുലർത്തുകയും സംശയാസ്പദമായ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വവും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കുണ്ട്.
മറ്റ് വകുപ്പുകളുമായും സുരക്ഷാ സംവിധാനങ്ങളുമായും ഏകോപനം ഉറപ്പാക്കി ഓരോ ഘട്ടത്തിലും ജാഗ്രതയോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും നിലയ്ക്കലിലെ പോലീസ് സംവിധാനം നിർവഹിക്കുന്നു.
തീർത്ഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ തീർത്ഥാടനത്തിനും പോലീസ് ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് നിർദേശിച്ചു.
തിരക്കുള്ള സമയങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും ഗതാഗത നിയന്ത്രണത്തിലും പാർക്കിംഗ് ക്രമീകരണങ്ങളിലും കൃത്യമായ ഏകോപനം ഉറപ്പാക്കുകയും വേണം. നിലയ്ക്കൽ ബേസ് ക്യാമ്പ് പരിസരവും പ്രധാന കേന്ദ്രങ്ങളും മുഴുവൻ ശക്തമായ സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടകരോട് മാന്യമായും സഹായകരമായും പെരുമാറുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെടാനും ഉദ്യോഗസ്ഥർ സജ്ജരായിരിക്കണം. ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും ജാഗ്രതയും സേവനമനോഭാവവും ശബരിമല തീർത്ഥാടനകാലത്തെ സുരക്ഷിതമാക്കുന്നതിൽ നിർണായകമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ സുരക്ഷിതമായ യാത്രയും സുഗമമായ ദർശനവും ഉറപ്പാക്കുന്നതിനായി നിലയ്ക്കലിൽ ശക്തമായ പോലീസ് നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം : നിലയ്ക്കൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു
Advertisement
Advertisement
Advertisement