breaking news New

മൂന്ന് ജീവനുകൾ കവർന്ന നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം ; അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാറിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്റർ !! അമിതവേഗം സ്ഥിരീകരിച്ച് ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്

കൊച്ചി:
കേസില്‍ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് കണ്ടെത്തിയ നിഗമനങ്ങളെ തികച്ചും ശാസ്ത്രീയമായി ശരിവെയ്ക്കുന്ന വിവരങ്ങളാണ് ബിഎംഡബ്ല്യു ഇന്ത്യ പൊലീസിന് കൈമാറിയത്.

വാഹനത്തിന്റെ അഡ്വാന്‍സ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളില്‍ (ACSM) നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത കമ്പനിയുടെ ക്രാഷ് ഡാറ്റാ റിപ്പോര്‍ട്ട് പ്രകാരം, അപകടത്തിന് ഏകദേശം അഞ്ച് സെക്കന്‍ഡ് മുമ്പ് കാറിന്റെ വേഗത മണിക്കൂറില്‍ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിക്കുന്ന നിമിഷത്തില്‍ വേഗത മണിക്കൂറില്‍ 144 കിലോമീറ്ററായിരുന്നുവെന്നും അപകടത്തിന് വെറും ഒരു സെക്കന്‍ഡ് മുമ്പ് മാത്രമാണ് ഡ്രൈവര്‍ ബ്രേക്ക് പെഡല്‍ അമര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അപകടസ്ഥലത്തേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം 500 മീറ്റര്‍ ദൂരം വെറും 11 സെക്കന്‍ഡുകൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി വിശകലനത്തിലൂടെയും വാഹനത്തിന്റെ ക്രാഷ് ഡാറ്റയിലൂടെയും ഒരേപോലെ അമിതവേഗം സ്ഥിരീകരിക്കാനായത് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ തെളിവായി മാറിയിരിക്കുകയാണ്.

ഒക്ടോബര്‍ 11-നായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. ആഡംബര കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൂര്‍ഗ് കൊടഗു സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശി സുഹൈല്‍ സജീവ് (19) മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അപകടത്തിന്റെ സാഹചര്യം, വാഹനത്തിന്റെ വേഗത, അപകടത്തിന് തൊട്ടുമുമ്പുള്ള ഡ്രൈവറുടെ നീക്കങ്ങള്‍, കേസില്‍ മറ്റ് പ്രതികളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ആലുവ ഡിഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4