breaking news New

പതിനാറുകാരന്‍ മകന്‍ ഓടിച്ച സ്‌കൂട്ടറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന നഷ്ടപരിഹാരത്തുക വാഹന ഉടമയായ പിതാവില്‍നിന്ന് തിരിച്ചുപിടിക്കാന്‍ മൂവാറ്റുപുഴ മോട്ടര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു

മൂവാറ്റുപുഴ :
2023 ഒക്ടോബര്‍ 9നുണ്ടായ ദാരുണമായ അപകടത്തിന്റെ നഷ്ടപരിഹാരക്കേസിലാണ് ട്രൈബ്യൂണല്‍ ജഡ്ജി കെ.എന്‍. ഹരികുമാറിന്റെ വിധി.

ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മീങ്കുന്നം നീര്‍ക്കാനയില്‍ എന്‍.എം. ജേക്കബിനെ (59) അമിതവേഗത്തിലെത്തിയ സ്‌കൂട്ടര്‍ പിന്നില്‍നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജേക്കബ് നാലു ദിവസത്തിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

തോട്ടക്കര കല്ലുങ്കല്‍ ബിനോയ് ജോണിന്റെ 16 വയസ്സുള്ള മകനാണ് അപകടസമയത്ത് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്തതും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തതുമായ മകന് വാഹനം ഓടിക്കാന്‍ നല്‍കിയതിലൂടെ വാഹന ഉടമ മോട്ടര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം നല്‍കുന്നത് ഇന്‍ഷുറന്‍സ് പോളിസി വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.

മരിച്ച ജേക്കബിന്റെ ഭാര്യ എമിലി, മക്കളായ ശാലു, ശരത് എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി 21,96,000 രൂപയും എട്ടുശതമാനം പലിശയും കോടതിച്ചെലവുമടക്കം ആകെ 29 ലക്ഷം രൂപ നല്‍കാനാണ് ഉത്തരവിട്ടത്. തുടര്‍ന്ന് ഈ തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് കുട്ടിയുടെ പിതാവില്‍നിന്ന് ഈടാക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ വാദിഭാഗത്തിനു വേണ്ടി ഒ.വി. അനീഷ്, ഇ.ജി. ഇന്ദു എന്നിവരും ഇന്‍ഷുറന്‍സ് കമ്പനിക്കു വേണ്ടി ഡിംപിള്‍ ജെയിംസ്, സജി ജോസഫ് എന്നിവരും ഹാജരായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4