ആലപ്പുഴ :
താന്‍ വീട്ടിനുള്ളില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപ്പൂപ്പന്‍ കണ്ട് വഴക്കുപറഞ്ഞതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. അപ്പൂപ്പന്റെ ശാസനയും വിവരം മറ്റുള്ളവരെ അറിയിക്കുമെന്ന ഭയവുമാണ് ആണ്‍സുഹൃത്തിനെ വിളിച്ച് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്യാന്‍ കാരണമായതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിയോടെയാണ് അന്വേഷണ സംഘം പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.45 വരെ നീണ്ട ചോദ്യം ചെയ്യലില്‍ ജില്ലാ ശിശുക്ഷേമ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. ബാലനീതി നിയമപ്രകാരം 16 വയസ്സില്‍ താഴെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ നിയമപരമായ തടസ്സമുള്ളതിനാലാണ് കസ്റ്റഡി അപേക്ഷ നല്‍കാതെ ഈ രീതിയില്‍ ചോദ്യം ചെയ്തത്.
കൊല്ലം പരവൂര്‍ കൊച്ചാലുംമൂട് സ്വദേശിയായ 67-കാരനാണ് കഴിഞ്ഞ ഓഗസ്റ്റ് 15-ന് രാത്രി ഹരിപ്പാട് കരുവാറ്റയിലെ വാടകവീട്ടില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. വാടകവീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടിയും കൊല്ലം സ്വദേശിയായ ആണ്‍സുഹൃത്തും ചേര്‍ന്നാണ് കവര്‍ച്ച പ്ലാന്‍ ചെയ്തത്. വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് വിറ്റ് തനിക്ക് ഐഫോണും ആണ്‍സുഹൃത്തിന് ഒരു പുതിയ ബൈക്കും വാങ്ങാനായിരുന്നു ഇരുവരുടെയും പ്രാഥമിക തീരുമാനം.
എന്നാല്‍ ഓഗസ്റ്റ് 14-ന് രാത്രി മുത്തച്ഛന്‍ പുറത്തുപോയ സമയം നോക്കി പെണ്‍കുട്ടി സ്വയം മോഷണത്തിന് തുനിയുകയായിരുന്നു. വീടിനുള്ളിലെ അലമാര സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ബലമായി തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുത്തച്ഛന്‍ അപ്രതീക്ഷിതമായി മടങ്ങിയെത്തിയത്. കവര്‍ച്ചാശ്രമം കൈയോടെ പിടികൂടിയ മുത്തച്ഛന്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് സ്‌ക്രൂ ഡ്രൈവര്‍ വാങ്ങി നിലത്തെറിയുകയും കഠിനമായി ശാസിക്കുകയും ചെയ്തു.
മോഷണശ്രമം കണ്ടുപിടിച്ചതിനൊപ്പം ഈ വിവരം അമ്മയെയും മറ്റ് ബന്ധുക്കളെയും അറിയിക്കുമെന്നും മുത്തച്ഛന്‍ പെണ്‍കുട്ടിക്ക് താക്കീത് നല്‍കിയിരുന്നു.
ഇതോടെയാണ് പെണ്‍കുട്ടി ഭയന്നത്. സംഭവം ബന്ധുക്കള്‍ അറിയുമെന്ന പേടിയും, ഇനി വീട്ടില്‍ നിന്ന് എന്നെങ്കിലും സ്വര്‍ണം കാണാതായാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിലാകുമെന്ന ഉറപ്പും കൊലപാതകം ആസൂത്രണം ചെയ്യാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ഉടനടി കൊല്ലത്തുള്ള ആണ്‍സുഹൃത്തിനെ ബന്ധപ്പെട്ടു. ഇനിയും വൈകിയാല്‍ സ്വര്‍ണം കവരാന്‍ കഴിയില്ലെന്ന് അറിയിച്ച പെണ്‍കുട്ടി, മുത്തച്ഛന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് അയാളെ കൊലപ്പെടുത്തണമെന്നും സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
കൊലപാതകവും കവര്‍ച്ചയും എളുപ്പമാക്കുന്നതിനായി വാടകവീടിന്റെ കൃത്യമായ ലൊക്കേഷന്‍ പെണ്‍കുട്ടി വാട്സാപ്പിലൂടെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 15-ന് രാവിലെ പെണ്‍കുട്ടി കരുവാറ്റയിലുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി. അന്ന് രാത്രിയോടെയാണ് കൊല്ലം സ്വദേശിയായ ആണ്‍സുഹൃത്തും മറ്റ് രണ്ട് കൗമാരക്കാരും അടങ്ങുന്ന സംഘം കരുവാറ്റയിലെ വീടുകളിലെത്തി 67-കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയ ശേഷം ആണ്‍സുഹൃത്തുക്കള്‍ വീടിനുള്ളിലെ അലമാര തിരയാന്‍ തുടങ്ങി.വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ള അലമാര ഏതാണെന്ന് കൃത്യമായി കാണിച്ചുകൊടുക്കുന്നതിനായി കൗമാരക്കാരന്‍ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു.
ഈ വീഡിയോ കോളിലൂടെ സുഹൃത്ത് വീടിന്റെ അകം കാണിച്ചപ്പോഴാണ് മുത്തച്ഛന്‍ മരിച്ചു കിടക്കുന്ന ദൃശ്യം പെണ്‍കുട്ടി കാണുന്നത്. ഇത്തരത്തിലാണ് മുത്തച്ഛന്റെ മരണം താന്‍ തത്സമയം അറിഞ്ഞതെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞു. കേസില്‍ കുറ്റാരോപിതരായ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എട്ടു മണിക്കൂറോളം പോലീസ് ചോദ്യം ചെയ്യുകയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ഈ മൂന്ന് കൗമാരക്കാര്‍ക്കും കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
നിലവില്‍ നിരീക്ഷണ കേന്ദ്രത്തിലുള്ള പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷ വരുംദിവസങ്ങളില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണിക്കും. സെപ്റ്റംബര്‍ 3-നാണ് പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വരുന്നത്. കൊലപാതകം, ഗൂഢാലോചന, കവര്‍ച്ചാശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി തയ്യാറാക്കിയ കേസില്‍ അന്വേഷണം അവസാന ഘട്ടത്തോടടുക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളുടെ മൊഴിയിൽ നിർണായക വഴിത്തിരിവ് : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Advertisement
Advertisement
Advertisement