breaking news New

നവജാത ശിശുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് പശുത്തൊഴുത്തിന് മുകളിൽ ഒളിപ്പിച്ചു ; ക്രൂരകൃത്യത്തിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

തൊടുപുഴ :
പ്രതിയായ റോസ് മേരി (47) നെയാണ് മുട്ടം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ അമ്മക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജഡ്ജ് ആശ് കെ. ബാൽ ആണ് വിധി പ്രസ്താവിച്ചത്. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശിനിയാണ് ശിക്ഷിക്കപ്പെട്ട റോസ് മേരി എന്ന കുട്ടിയമ്മ.

2014 മേയ് 13-നാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടക്കുന്നത്. പുളിക്കരവയലിലെ റോസ് മേരിയുടെ വീടിന്റെ പശുത്തൊഴുത്തിന് മുകളിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ആടിനെ മാറ്റിക്കെട്ടാൻ തൊഴുത്തിനടുത്തെത്തിയ അയൽവാസിയായ പതിനാലുകാരനാണ് ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുട്ടി ഉടൻതന്നെ അയൽവാസികൂടിയായ പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയും, തുടർന്ന് പൊലീസിൽ വിവരമെത്തുകയും ചെയ്തു.

മറയൂർ ഗവ. ആശുപത്രിയിലും തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് ഇതിനോടകം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് റോസ് മേരിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രസവിച്ചതിനു ശേഷം റോസ് മേരി സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എസ്. രാജേഷ് ഹാജരായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4