breaking news New

പ്രണയപ്പകയിൽ നടുങ്ങി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി : പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള കടുത്ത വൈരാഗ്യത്തില്‍ ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട / കോഴഞ്ചേരി :
കുളത്തൂപ്പുഴ ദിൻഷാ മൻസിലിൽ ഷാജഹാന്റെയും ഷീജ ബീവിയുടെയും ഏകമകളായ ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ സ്വദേശിയായ ജിത്തു (28)വിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രണയബന്ധത്തിലുണ്ടായ തർക്കവും പ്രണയനൈരാശ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ.

കോഴഞ്ചേരിയിലെ 'മാരാമൺ ഇൻ' റിസോർട്ടിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.20-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്ന ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടായത്.
സംഭവത്തിന് വെറും 17 ദിവസം മുമ്പാണ് ദിൻഷ ഈ റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്.

അതിനുമുമ്പ് കോഴഞ്ചേരിയിലെ മറ്റൊരു ഹോട്ടലിലായിരുന്നു ദിൻഷ ജോലി ചെയ്തിരുന്നത്. അവിടെവെച്ചാണ് ജിത്തുവുമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയബന്ധമായി വളരുകയായിരുന്നു.

ജിത്തു ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഒമ്പത് മാസം മുമ്പാണ് ദിൻഷ പഠനാവശ്യവുമായി എത്തിയത്. ഈ സമയത്താണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. തുടർന്നുണ്ടായ അടുപ്പം ക്രമേണ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും വീട്ടുകാർക്കും ഈ പ്രണയബന്ധത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

പ്രണയബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളും പ്രണയനൈരാശ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ മൊഴികളും സംഭവവുമായി ബന്ധപ്പെട്ട മറ്റു സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

ജിത്തുവിനെ കഞ്ചാവ് കേസില്‍ ആറന്‍മുള പോലീസ് പിടികൂടിയതോടെ ആണ് പ്രണയബന്ധത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറാന്‍ ദിന്‍ഷ തീരുമാനിച്ചത്. എന്നാല്‍ ബന്ധം തുടരണമെന്ന് ജിത്തു നിരന്തരം ആവശ്യപ്പെട്ടെങ്കിലും ദിന്‍ഷ അതിന് തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ മുന്‍പും പലതവണ ശക്തമായ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ, ദിന്‍ഷയ്ക്ക് മറ്റു ചിലരുമായി ബന്ധമുണ്ടെന്ന് ജിത്തു സംശയിക്കാനും തുടങ്ങി. ഇത് ഇരുവര്‍ക്കുമിടയില്‍ നിരന്തരം കടുത്ത തര്‍ക്കങ്ങള്‍ക്ക് കാരണമായി. പലപ്പോഴും ദിന്‍ഷയുടെ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങി പരിശോധിച്ച് ജിത്തു തര്‍ക്കമുണ്ടാക്കിയിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തിന് രണ്ടു ദിവസം മുന്‍പും ഇരുവരും തമ്മില്‍ ഇതേ വിഷയത്തില്‍ കടുത്ത തര്‍ക്കമുണ്ടായിരുന്നു. പ്രണയത്തില്‍ നിന്ന് ദിന്‍ഷ പൂര്‍ണ്ണമായും പിന്മാറിയതോടെ പ്രതിയുടെ മനസ്സില്‍ കടുത്ത പകയായി മാറുകയായിരുന്നു. തുടര്‍ന്ന് ഏതുവിധേനയും യുവതിയെ വധിക്കണമെന്ന ഉറച്ച തീരുമാനത്തില്‍ ജിത്തു എത്തിച്ചേര്‍ന്നു. ഏറെ നാളത്തെ കൃത്യമായ പ്ലാനിംഗിനൊടുവില്‍ ദിന്‍ഷയെ വധിക്കാനായി ഓണ്‍ലൈന്‍ വഴി പ്രത്യേകം മൂര്‍ച്ചയുള്ള കത്തി വരുത്തിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. കൃത്യമായ കൊലപാതക ആസൂത്രണത്തോടെയാണ് പ്രതി റിസോര്‍ട്ടിലെത്തിയത്.

സംഭവദിവസം റിസോര്‍ട്ടിന് സമീപത്തെത്തിയ ജിത്തു ദിന്‍ഷയെ മൊബൈല്‍ ഫോണില്‍ വിളിച്ച് സംസാരിക്കാനെന്ന വ്യാജേന പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ജിത്തു വിളിച്ചതനുസരിച്ച് പുറത്തുവന്ന ദിന്‍ഷയുമായി പ്രതി പത്ത് മിനിറ്റോളം സംസാരിച്ചു നിന്നു. സംസാരത്തിനിടയിലും പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് ദിന്‍ഷ തീര്‍ത്തു പറഞ്ഞു. ഇത് പ്രതിയെ കൂടുതല്‍ പ്രകോപിതനാക്കി. തുടര്‍ന്ന് 'തന്നെ വഞ്ചിച്ചു' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പോക്കറ്റില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് ജിത്തു ദിന്‍ഷയുടെ കഴുത്തില്‍ ആഞ്ഞുകുത്തുകയായിരുന്നു.

കഴുത്തില്‍ കുത്തേറ്റ് നിലത്തുവീണ ദിന്‍ഷയെ പ്രതി വീണ്ടും പലതവണ ക്രൂരമായി കുത്തിപ്പരിക്കല്‍പ്പിച്ചു. ദിന്‍ഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ റിസോര്‍ട്ട് ജീവനക്കാര്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴുത്തിനേറ്റ ആഴത്തിലുള്ള ഗുരുതര മുറിവാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജിത്തുവിനെ റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പിടികൂടി. തുടര്‍ന്ന് ഇയാളെ കെട്ടിയിട്ട ശേഷം പോലീസിന് കൈമാറുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു.

സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊലപാതകം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായും ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ട ദിന്‍ഷയുടെ പിതാവ് ആക്രി വ്യാപാരിയാണ്. മാതാവ് തൊഴിലുറപ്പ് തൊഴിലാളിയുമാണ്. ഏറെ നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ദിന്‍ഷ. ട്രെയിനിംഗ് കഴിയുന്നതോടെ ഈ റിസോര്‍ട്ടില്‍ തന്നെ ജോലിയില്‍ പ്രവേശിച്ച് ദിന്‍ഷ തങ്ങള്‍ക്ക് താങ്ങാകുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ദിന്‍ഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4