രാജ്യസ്നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളിൽ ഒതുങ്ങേണ്ടതല്ലെന്നും അത് തലമുറകളിലേക്ക് കൈമാറേണ്ട സംസ്കാരമാണെന്നും നടൻ മോഹൻലാൽ.
ആർഎസ്എസ് മുഖമാസികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടി മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കർമ്മമേഖല സിനിമയാണെന്നും അഭിനയത്തിലൂടെയാണ് രാജ്യസ്നേഹവും ദേശബോധവും പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും മോഹൻലാൽ പറഞ്ഞു. രാജ്യസ്നേഹം പ്രമേയമായ നിരവധി സിനിമകളിലും പ്രത്യേകിച്ച് പട്ടാള സിനിമകളിലും അഭിനയിക്കാൻ കഴിഞ്ഞത് വലിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സിനിമകളുടെ ഭാഗമായി നിരവധി പട്ടാള ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞതിനപ്പുറം രാജ്യസ്നേഹവും ദേശീയബോധവും നേരിട്ട് അനുഭവിച്ചറിയാൻ ഈ യാത്രകൾ സഹായിച്ചു. നമുക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്നത് അതിർത്തികളിൽ സൈനികർ കാവൽ നിൽക്കുന്നതുകൊണ്ടാണെന്നും അവരുടെ ഹൃദയമിടിപ്പിൽ പോലും രാജ്യസ്നേഹം നിറഞ്ഞുനിൽക്കുന്നതായി തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.
താൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ഓപ്പറേഷൻ ഗംഗ'യും ഈ പശ്ചാത്തലത്തിലുള്ള ചിത്രമാണെന്ന് മോഹൻലാൽ വ്യക്തമാക്കി. തന്റെ കർമ്മമേഖലയിലൂടെ കഴിയുന്നത്ര രാജ്യസ്നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട തന്റെ യാത്രയെക്കുറിച്ചും മോഹൻലാൽ ചടങ്ങിൽ സംസാരിച്ചു. സിങ്ക് സൗണ്ട് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ സിനിമയിൽ വളർന്നുവരുന്നത് നേരിട്ട് കാണാൻ കഴിഞ്ഞത് വലിയ അനുഭവമാണ്. സർഗാത്മകതയും സാങ്കേതികവിദ്യയും ഒത്തുചേരുമ്പോഴാണ് മികച്ച കലാവിഷ്കാരങ്ങൾ പിറക്കുന്നത്.
രാമായണം പോലുള്ള ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്രത്തോളം വിജയകരമായി അവതരിപ്പിക്കാനാകുമെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
രാജ്യസ്നേഹം മുദ്രാവാക്യമല്ല, തലമുറകളിലേക്ക് പകരേണ്ട സംസ്കാരം : ദേശീയബോധത്തെക്കുറിച്ച് മോഹൻലാൽ
Advertisement
Advertisement
Advertisement