ഇടുക്കി: ചിന്നക്കനാലിൽ ജനവാസ മേഖലകളിൽ ഭീതി വിതയ്ക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം പ്രതിസന്ധിയിൽ. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് വനംവകുപ്പിന്റെ ‘മിഷൻ ചക്കക്കൊമ്പൻ’ ഉച്ചയ്ക്കുശേഷത്തേക്ക് മാറ്റി. ആന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം മയക്കുവെടി പ്രയോഗിക്കാൻ അനുയോജ്യമല്ലാത്തതും അണക്കെട്ടിലെ ജലാശയത്തിലേക്ക് വീഴാനുള്ള സാധ്യതയുമാണ് ദൗത്യത്തിന് തടസ്സമായത്.
രാവിലെ എൺപത് ഏക്കർ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിലാണ് ദൗത്യസംഘം ചക്കക്കൊമ്പനെ കണ്ടെത്തിയത്. എന്നാൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആനയിറങ്കൽ അണക്കെട്ടിന്റെ ഭാഗത്തേക്ക് നീങ്ങിയ ആന ജലാശയത്തിലിറങ്ങി നീന്തി മറുകരയിലെ തുരുത്തിൽ എത്തുകയായിരുന്നു. നിലവിൽ ഡാമിനോട് ചേർന്നുള്ള തുരുത്തിലാണ് ചക്കക്കൊമ്പനുള്ളത്.
തുരുത്തിൽവച്ച് മയക്കുവെടി പ്രയോഗിക്കുന്നത് അപകടസാധ്യതയുള്ള നടപടിയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വെടിയേറ്റാൽ പരിഭ്രാന്തനായി ഓടുന്നതിനിടെ ആന ജലാശയത്തിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ആനയുടെ ജീവൻതന്നെ അപകടത്തിലാകും. ഇതിന് പുറമെ ചക്കക്കൊമ്പന് സമീപം മറ്റ് നാല് കാട്ടാനകൾ കൂടി നിലയുറപ്പിച്ചതും ദൗത്യസംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്.
രാവിലെ എട്ടുമണിയോടെ കിടന്നുറങ്ങുന്ന സ്വഭാവമുള്ള ചക്കക്കൊമ്പന്റെ നീക്കങ്ങൾ ദൗത്യസംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആനയുടെ സുരക്ഷ ഉറപ്പാക്കുകയും അനുകൂല സാഹചര്യം ലഭിക്കുകയും ചെയ്താൽ മാത്രമേ മയക്കുവെടി പ്രയോഗിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം പൂർത്തിയാകുന്നതുവരെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും ദൗത്യമേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിലും അഞ്ചോ അതിലധികമോ പേർ കൂട്ടംകൂടുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മയക്കുവെടിയിൽ നിന്ന് രക്ഷപ്പെട്ട് ചക്കക്കൊമ്പൻ ഡാമിലേക്ക് നീന്തിക്കയറി! ‘മിഷൻ ചക്കക്കൊമ്പൻ’ പ്രതിസന്ധിയിൽ ; ദൗത്യം ഉച്ചയ്ക്കുശേഷത്തേക്ക് മാറ്റി
Advertisement
Advertisement
Advertisement